സാംസങ് ഗ്യാലക്‌സി നോട്ട് 4 ഇന്ത്യയിലെത്തി; വില 58,300 രൂപ

ഫാബ്‌ലെറ്റ് ഗണത്തില്‍പ്പെടുന്ന സ്മാര്‍ട്ട്‌ഫോണായ സാംസങ് ഗ്യാലക്‌സി നോട്ട് 4 ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാംസങ് അവതരിപ്പിച്ചു. ഒക്ടോബര്‍ 17 മുതല്‍ ഇന്ത്യയില്‍ നോട്ട് 4 ലഭിച്ചു തുടങ്ങും. ഇന്ത്യന്‍ വിപണിയില്‍ 58,300 രൂപയ്ക്ക് വരെ ഈ ഫാബ്ലെറ്റ്‌ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

ദീപാവലി വിപണി മുന്നില്‍ കണ്ടാണ്‌ സാംസങ് ലോകവിപണിയില്‍ ഫോണ്‍ അവതരിപ്പിച്ച് അധികം താമസിയാതെ ഇന്ത്യയിലും അവതരിപ്പിച്ചത്. ഒക്ടോബര്‍ 17ന് തന്നെയാണ് ആപ്പിളിന്റെ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ ഇന്ത്യയില്‍ വിപണനം ആരംഭിക്കുന്നത്. ആപ്പിളിന്റെ ആദ്യ ഫാബ്‌ലെറ്റ് ഐഫോണ്‍ 6 പ്ലസിന് നോട്ട് 4 കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

Samsung Galaxy Note 4

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒഎസിലാണ് നോട്ട് 4 പ്രവര്‍ത്തിക്കുന്നത്. 2.7 GHz ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 805 പ്രൊസസ്സര്‍, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവ ഈ ഫാബ്ലെറ്റിന് കരുത്തേകുന്നു. നോട്ട് 4ന്റെ സ്‌റ്റോറേജ് മൈക്രോ എസ്ഡ് കാര്‍ഡിന്റെ സഹായത്തോടെ 128 ജിബി വരെ ഉയര്‍ത്താം.

5.7 ഇഞ്ച് Q-HD സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് നോട്ട് 4 ന്റേത്. 1440 X 2650 പിക്‌സല്‍ റെസൊലൂഷനും, 515 പിപിഐ പിക്‌സല്‍ സാന്ദ്രതയുമുള്ള സ്‌ക്രീന്‍ മികച്ച ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്നു. പോറലുകളില്‍ നിന്ന് രക്ഷിക്കാന്‍ ഗൊറില്ല ഗ്ലാസ്സ് 3 യുടെ സംരക്ഷണവും ഡിസ്‌പ്ലേയ്ക്കുണ്ട്. കണക്റ്റിവിറ്റിക്കായി 4ജി എല്‍ടിഇ, എന്‍എഫ്‌സി, ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി തുടങ്ങിയ എല്ലാ സങ്കേതങ്ങളും നോട്ട് 4ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ 14 പ്രാദേശിക ഭാഷകളെ ഈ ഫാബ്‌ലെറ്റ് പിന്തുണയ്ക്കും.

ഒപ്ടിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനോടു കൂടിയ 16 മെഗാപിക്‌സല്‍ മുന്‍ക്യാമറയാണ് ഫോണിലേത്. ഡ്യുവല്‍ ഷോട്ട്, ഒരേസമയം വീഡിയോയും ഇമേജും റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യം, ടച്ച് ഫോക്കസ്, പനോരമ, എല്‍ഇഡി ഫ് ളാഷ്, ഓട്ടോഫോക്കസ് എന്നീ സൗകര്യങ്ങളുമുണ്ട്. 3.7 മെഗാപിക്‌സലാണ് ഫ്രണ്ട് ക്യാമറ. ഗ്രൂപ്പ് സെല്‍ഫികള്‍ക്കായി വൈഡ് ആംഗിള്‍ സെല്‍ഫി മോഡ് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വേഗത്തില്‍ ചാര്‍ജുചെയ്യുന്നതിനുള്ള അഡാപ്റ്റീവ് ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജിയോട് കൂടിയ 3220 എംഎഎച്ച് ബാറ്ററി നോട്ട് 4ന്റെ എടുത്ത് പറയേണ്ട ഒരു സവിശേഷതയാണ്. വെറും 30 മിനിറ്റ് സമയംകൊണ്ട് ബാറ്ററിക്ക് 50 ശതമാനം വരെ ചാര്‍ജ്ജ് കൈവരിക്കാന്‍ കഴിയുമെന്നാണ് സാംസങ് അവകാശപെടുന്നത്.

ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഹാര്‍ട്ട് റേറ്റ് മോണിട്ടര്‍, ഹാള്‍ സെന്‍സര്‍, പ്രോക്‌സിമിറ്റി, ഗൈറോസ്‌കോപ്പ്, ജിയോ-മാഗ്‌നെറ്റിക് സെന്‍സര്‍, ഗൈറോസ്‌കോപ്പ്, ആക്‌സിലറോമീറ്റര്‍ തുടങ്ങിയ സംവിധാനങ്ങളും നോട്ട് 4ല്‍ സാംസങ് സംയോജിപ്പിച്ചിട്ടുണ്ട്. ഫ്രോസ്റ്റഡ് വൈറ്റ്, ചാര്‍ക്കോള്‍ ബ്ലാക്ക്, ബ്രോണ്‍സ് ഗോള്‍ഡ്, ബ്ലോസ്സം പിങ്ക് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

Leave a Reply