കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ആറക്ഷരങ്ങള്‍ ഉപയോഗിച്ച് ലോകത്തിലെ ഏത് ഭാഷയും ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ഓപ്പണ്‍സോഴ്സ് സോഫ്റ്റ്വെയര് കാസര്‍കോടുനിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി നളിന്‍ നിര്‍മ്മിച്ചിരിക്കുന്നു. കാഴ്ചയില്ലാത്തവരുടെ ബ്രെയില്‍ ലിപിയുടെ സവിശേഷതകള്‍ ഉള്‍പ്പെടുത്തി നളിന്‍ സത്യന് നിര്‍മ്മിച്ച ഐബസ്-ശാരദ- ബ്രെയില്‍ എന്ന സോഫ്റ്റ്വേറിനാണ് ഗൂഗിളിന്റെ അംഗീകാരം ലഭിച്ചത്. ഈ കണ്ടു പിടിത്തത്തിന് ഗൂഗിളില്‍ നിന്നും 10,500 ഡോളര്‍ (6.76ലക്ഷം രൂപ) സഹായധനം കിട്ടിയിട്ടുണ്ട്.
ആറ് ഡോട്ടുകളിലൂടെ 63 ചേരുവകള്‍ സാധിച്ചെടുക്കുന്ന ബ്രെയില്‍ ലിപിയുടെ അടിസ്ഥാന തത്വത്തിലൂന്നി F, D, S, J, K, L എന്നീ കീകള്‍ ഉപയോഗിച്ചാണ് എല്ലാ ഭാഷയും ടൈപ്പ് ചെയ്യാവുന്ന ഓപ്പണ്‍സോഴ്സ് സോഫ്റ്റ്വേര്‍ നളിന്‍ വികസിപ്പിച്ചത്. കാസര്‍കോട് ദേളി സഅദിയ കോളേജിലെ ബി.എസ്സി. കമ്പ്യൂട്ടര്‍സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് നളിന്‍ സത്യന്.
കാസര്‍കോട് വിദ്യാനഗര്‍ ഗവ. അന്ധവിദ്യാലയത്തിലെ അധ്യാപകന് കെ.സത്യശീലന്റെയും ശാരദയുടെയും മകനാണ് നളിന്‍. പൂര്‍ണ അന്ധനായ അച്ഛന്റെ സഹായത്തോടെയായിരുന്നു ബ്രെയില്‍ ലിപിയുടെ സാങ്കേതികവശം കീബോര്‍ഡിലേക്ക് പകര്‍ന്നത്. ഈ നേട്ടത്തിന്റെ മുഴുവന്‍ കടപ്പാടും അഛനാണെന്ന് നളിന്‍ പറയുന്നു.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്ന സംഘടന മുഖേനയാണ് ഈ പ്രോജക്ട് ഗൂഗിളിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഫ്രഞ്ചുകാരനായ സാമുവല്‍ ടിബല്‍ട്ട്, ബംഗളൂരു സ്വദേശി അനിവര്‍ അരവിന്ദ്, കാസര്‍കോട് സ്വദേശിയും കെല്‍ട്രോണിലെ സ്വതന്ത്ര സോഫ്റ്റ്വെയര് തലവനുമായ അനില്‍ കുമാര്‍ എന്നിവരാണ് ഐബസ് ശാരദാ ബ്രെയില്‍ സോഫ്റ്റ്വെയര് വികസിപ്പിച്ചെടുക്കാന്‍ വഴികാട്ടികളായത്.
ഇത് രണ്ടാം തവണയാണ് നളിന്‍ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ അംഗീകാരം ലഭിക്കുന്നത്. 2013ല്‍ ടക്സ് ഫോര്‍ കിഡ്സിന്റെ ടക്സ് ടൈപ്പ്, ടക്സ് മാത്സ് എന്നീ സോഫ്റ്റ് വെയറുകള്‍ കാഴ്ചവൈകല്യമുള്ളവര്ക്കും ഉപകാരപ്രദമാകുംവിധം ശബ്ദ പിന്തുണ നല്കി വികസിപ്പിച്ചതിനാണ് ഇതിന് മുന്‍പ് അംഗീകാരം ലഭിച്ചത്.