ഇന്ത്യയെ ക്ലീനാക്കാന്‍ ഫെയ്സ്ബുക്കും കൈകോര്‍ക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത്‌ പദ്ധതിയ്ക്ക് വേണ്ടി ഫെയ്‌സ്ബുക്കിന്റെ പിന്തുണയും പങ്കാളിത്തവും ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്തു. സുക്കര്‍ബര്‍ഗിന്റെ മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോദി തന്നെ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ അറിയിച്ചതാണ് ഈ കാര്യം.

Mark Zuckerberg calls on Shri Modi

കൂടിക്കാഴ്ചയില്‍ സ്വച്ഛ് ഭാരത്‌ പദ്ധതിയെക്കുറിച്ച് സുക്കര്‍ബര്‍ഗിനോട്‌ സംസാരിച്ചു. ഇതിന് വേണ്ടി ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ ഉണ്ടാക്കുന്നതില്‍ ഫെയ്സ്ബുക്ക് ഭാരത സര്‍ക്കാരിനെ സഹായിക്കുമെന്നും, സ്വച്ഛ് ഭാരത്‌ മിഷന് പുതിയ ഉണര്‍വ്വേക്കുമെന്നും മോദി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ പറഞ്ഞിട്ടുണ്ട്.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് കേട്ടപ്പോള്‍ സുക്കര്‍ബര്‍ഗ് വളരെ ആവേശഭരിതനായി. ഈ പദ്ധതിയുടെ ഏതെല്ലാം ഭാഗങ്ങളില്‍ ഫെയ്സ്ബുക്കിന് സഹായിക്കാം കഴിയുമെന്ന് പഠിച്ച ശേഷം വ്യക്തമാക്കാന്‍ മോദി സുക്കര്‍ബര്‍ഗിനോട്‌ അവശ്യപ്പെട്ടു. ഇന്ത്യയുടെ വൈവിദ്യമാര്‍ന്ന വിനോദ സഞ്ചാര രംഗത്തെകുറിച്ച് ലോകത്തിന്‍റെ മുന്നില്‍ എത്തിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും മോദി ചോദിച്ചിട്ടുണ്ട്.

തീവ്രവാദ സംഘടനകള്‍ റിക്രൂട്ടിങ്ങിനുള്ള ഇടമായി സേഷ്യല്‍മീഡിയകളെ മാറ്റുന്നുവെന്ന ആശങ്ക സുക്കര്‍ബര്‍ഗിനോട് പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് വഴി ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നത് അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും മോദി ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റെത്തിക്കാനും ഇന്റര്‍നെറ്റ് സാക്ഷരത ലഭ്യമാക്കാനുമുള്ള ഫെയ്‌സ്ബുക്കിന്റെ പുതിയ പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും മോദി വാഗ്ദാനം ചെയ്തു.

മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കേന്ദ്ര ഐടി മന്ത്രിയുമായും സുക്കര്‍ബര്‍ഗ് ചര്‍ച്ച നടത്തിയിട്ടുണ്ട്. internet.org ഉച്ചകോടിയില്‍ പങ്കെടുക്കാന്നായി എത്തിയതാണ് സുക്കര്‍ബര്‍ഗ് ഇന്ത്യയില്‍. ലോകജനതയില്‍ ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്ത മൂന്നില്‍ രണ്ട് വിഭാഗത്തിനും നെറ്റ് ലഭ്യമാക്കുകയാണ് internet.org പദ്ധതിയുടെ ലക്ഷ്യം. ഇന്റര്‍നെറ്റ് ലഭിക്കുക എന്നത് മനുഷ്യാവകാശമാക്കണമെന്ന് സുക്കര്‍ബര്‍ഗ് ഈ ഉച്ചക്കോടിയില്‍ അഭിപ്രായപ്പെട്ടു.