വിന്‍ഡോസിന്റെ പുതിയ പതിപ്പ് വിന്‍ഡോസ് 10 മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് വിന്‍ഡോസ് 10 സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ഒരു ചടങ്ങില്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. വിന്‍ഡോസില്‍ സ്റ്റാര്‍ട്ട്‌ മെനുവിന്റെ തിരിച്ചുവരവാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. എല്ലാവരും പ്രതീക്ഷിച്ചിരുന്നത് പുതിയ ഒഎസിന്റെ പേര് വിന്‍ഡോസ് 9 എന്നായിരുന്നു. പക്ഷേ മൈക്രോസോഫ്റ്റ് സ്വീകരിച്ചത് വിന്‍ഡോസ് 10 എന്നാണ്.

Windows 10

പുതിയ ഒഎസിന്റെ ടെക്നിക്കല്‍ പ്രിവ്യൂ ആണ് മൈക്രോസോഫ്റ്റ് ലോകത്തിന് പരിചയപ്പെടുത്തിയത്. വിന്‍ഡോസ് 10 എപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് കൃത്യമായി പറയുന്നില്ല. ഈ വര്‍ഷം അവസാനത്തോടെ, അല്ലെങ്കില്‍ 2015 ആദ്യത്തോടെ വിന്‍ഡോസ് 10 എത്തിയേക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

Windows 10 Start Menu

വിന്‍ഡോസ് 8എല്‍ സ്റ്റാര്‍ട്ട്‌ മെനു ഒഴിവാക്കിയതിന്റെ പേരില്‍ ഏറെ പഴി കേട്ടതാണ് മൈക്രോസോഫ്റ്റ്. അതിനാല്‍ പുതിയ പതിപ്പില്‍ സ്റ്റാര്‍ട്ട്‌ മെനു ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാര്‍ട്ട് മെനുവില്‍ പണ്ടത്തെപ്പോലെ എല്ലാ ആപ്ലിക്കേഷനുകളും കാണാം. കൂടാതെ വിന്‍ഡോസ് 8 ഇന്റര്‍ഫേസിന്റെ മാതൃകയില്‍, പരിഷ്‌ക്കരിച്ച ടൈലുകളുടെ രൂപത്തിലും സ്റ്റാര്‍ട്ട് മെനുവില്‍ ആപ്ലിക്കേഷനുകള്‍ പ്രത്യക്ഷപ്പെടും. ഈ ടൈലുകളെ യൂസര്‍ക്ക് ഇഷ്ടനുസരണം മാറ്റം.

എല്ലാ ഡിവൈസുകള്‍ക്കും ഒരൊറ്റ ഒഎസ് എന്നാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ പുതിയ മുദ്രാവാക്യം. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കും, ടാബ്‌ലറ്റുകള്‍ക്കും, സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ‘എക്‌സ്‌ബോക്‌സ്’ ( Xbox ) ഗെയിം കണ്‍സോളിനുമെല്ലാം ഒരേ ഒ.എസ് ഉപയോഗിക്കാനും, ബന്ധപ്പെട്ട ആപ്ലിക്കേഷനുകളെല്ലാം ഒറ്റ സ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും പാകത്തിലാണ് വിന്‍ഡോസ് 10 എത്തുന്നതെന്ന്, മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.

വിന്‍ഡോസ് 8 ഉപയോഗിച്ചവര്‍ക്കും, 8 ന് മുന്‍പുള്ള വിന്‍ഡോസ് പതിപ്പ് ഉപയോഗിച്ചവര്‍ക്കും ഒരേ പോലെ ഇഷ്ടപെടുന്ന രീതിയിലായിരിക്കും വിന്‍ഡോസ് 10 എത്തുക എന്നാണ് വിന്‍ഡോസ് ഡിസൈനിങ്ങില്‍ നേതൃത്വം വഹിച്ച മൈക്രോസോഫ്റ്റ് പ്രതിനിധി ജോയ് ബെല്‍ഫിയോര്‍ പറയുന്നത്.

സ്റ്റാര്‍ട്ട്‌ മെനു ഇല്ല, സാധാരണ യൂസറിന് കണ്ട്രോള്‍ പാനലില്‍ എത്താന്‍ വളരെ പ്രയാസം, യൂസര്‍ ഇന്റര്‍ഫേസ് ആകെ മാറി തുടങ്ങിയ പല കാരണങ്ങളാല്‍ വന്‍കിട സ്ഥാപനങ്ങള്‍ മിക്കവയും വിന്‍ഡോസ് 8 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ മടിച്ചു. അതിനാല്‍ വിന്‍ഡോസ് 10 മൈക്രോസോഫ്റ്റിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്

വിന്‍ഡോസിന്റെ ചരിത്രം നോക്കുമ്പോള്‍ വിന്‍ഡോസ് 10 ഒരു വിജയമാകനാണ് സാധ്യത!!! വിന്‍ഡോസ് 2000 ഒരു പരാജയമായിരുന്നു. അതിന് ശേഷം വന്ന വിന്‍ഡോസ് എക്സ്പി മൈക്രോസോഫ്റ്റ് ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. തുടര്‍ന്ന് വന്ന വിസ്റ്റ ഏവരും വെറുത്ത ഒഎസ് ആയിരുന്നു.

പിന്നെയെത്തിയ വിന്‍ഡോസ് 7ന് എക്സ്പിയുടെ അത്രയില്ലെങ്കിലും മോശമല്ലാത്ത വില്‍പ്പന ഉണ്ടായിരുന്നു. അവസാനമായി വന്ന വിന്‍ഡോസ് 8ന് വിസ്റ്റയുടെ അവസ്ഥ ആയിരന്നു. അങ്ങനെ നോക്കുമ്പോള്‍ ഒന്നിടവിട്ട വിന്‍ഡോസ് പതിപ്പുകള്‍ക്കാണ് വിജയം നേടാനായത്. വിന്‍ഡോസ് 10ന്റെ കാര്യം എന്താകുമോ എന്തോ!! കാത്തിരുന്ന് കാണാം!!!

നിങ്ങള്‍ക്കും വിന്‍ഡോസ് 10ന്റെ ടെക്നിക്കല്‍ പ്രിവ്യൂ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അതിനായി ഈ യുആര്‍എല്‍ http://preview.windows.com സന്ദര്‍ശിക്കുക.

Leave a Reply