ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ മാസം ഇന്ത്യയില്‍ എത്തും

മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ മാസം ഇന്ത്യയിലെത്തും. ലോകത്തുള്ള എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സുക്കര്‍ബര്‍ഗ് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച്ച നടത്തുമെന്ന റിപ്പോര്‍ട്ടുണ്ട്.

Mark Zuckerberg to Visit India

ഒക്ടോബര്‍ 9-10 തീയ്യതികളിലായാണ് ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി (internet.org) ഉച്ചകോടി നടക്കുന്നത്. ഇംഗ്ലീഷ് കൂടാതെ വിവിധ പ്രാദേശികഭാഷകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും ഉച്ചകോടി ചര്‍ച്ച ചെയ്യും. ഫെയ്‌സ്ബുക്കിനെ കൂടാതെ എറിക്‌സണ്‍, മീഡിയടെക്ക്, നോക്കിയ, ഒപ്പേര, ക്വാല്‍കോം, സാംസങ് എന്നീ വന്‍കിട കമ്പനികളുടെ പ്രതിനിധികളും ഈ ഉച്ചകോടിയില്‍ പങ്കെടുക്കും.

internet.org ന് വേണ്ടി ഫെയ്‌സ്ബുക്കിനും ഭാരത സര്‍ക്കാരിനും എങ്ങനെ ചേര്‍ന്ന്‍ പ്രവര്‍ത്തിക്കാമെന്ന്‍ മോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ സുക്കര്‍ബര്‍ഗ് ചര്‍ച്ച ചെയ്തേക്കും. മോദിയെ കൂടാതെ മറ്റ് മന്ത്രിമാരുമായും സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്