യുട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റില്ലെങ്കിലും കാണാനുള്ള സൗകര്യം യുട്യൂബ് മൊബൈല്‍ ആപ്പില്‍ വരുന്നു

യുട്യൂബ് മൊബൈല്‍ ആപ്പ് വഴി വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റില്ലെങ്കിലും കാണാനുള്ള സംവിധാനം വരുന്നു. പുതിയ യുട്യൂബ് ആപ്പില്‍ വീഡിയോ സേവ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാകും. ഇന്റര്‍നെറ്റ് ഉള്ളപ്പോള്‍ വീഡിയോ ഒരു തവണ സേവ് ചെയതാല്‍ ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോളും കാണാം. മാത്രമല്ല ഇന്റര്‍നെറ്റ് ഉള്ളപ്പോള്‍ വീഡിയോ കാണുമ്പോള്‍ വീഡിയോ വീണ്ടും ഡൗണ്‍ലോഡ് ആകില്ല. ഇത് ഇന്റര്‍നെറ്റ് ഡാറ്റ ലാഭിക്കാന്‍ സഹായിക്കുന്നു.

Youtube Offline

ഇങ്ങനെ ഒരു സേവനം വരുന്നത് ഇന്ത്യയിലെ യുട്യൂബ് ഉപഭോക്താക്കള്‍ക്ക്‌ ഒരു അനുഗ്രഹമായിരിക്കും. ഇന്റര്‍നെറ്റ് ഡാറ്റാ ചാര്‍ജിനെക്കുറിച്ച് പേടിക്കാതെയും, യുട്യൂബ് വീഡിയോ ഡൗണ്‍ലോഡിങ്ങ് ആപ്പുകളുടെ സഹായമില്ലതെയും വീഡിയോ വീണ്ടും വീണ്ടും കാണാം. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളുടെ ലോഞ്ചിങ്ങ് നടന്ന ചടങ്ങില്‍ അവസാനം കമ്പനി ഭാരവാഹി സീസര്‍ സെന്‍‌ഗുപ്തയാണ് ഈ പ്രഖ്യാപനം നടത്തിയത്.

ഈ സംവിധാനം വഴി മ്യൂസിക്‌ വീഡിയോ ഉള്‍പ്പെടെയുള്ള എല്ലാ യുട്യൂബ് വീഡിയോകളും കാണാം. ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്ത് കാണുന്ന വീഡിയോകളിലെ പരസ്യം കാണിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.