ജിമെയിലില്‍ ഇനി അണ്‍സബ്സ്ക്രൈബ് ചെയ്യല്‍ വളരെ എളുപ്പം

നിങ്ങളെ ശല്യപെടുത്തുന്ന ഇമെയില്‍ കാംപെയിന്‍, സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷന്‍ ഇമെയിലുകള്‍, ന്യൂസ്‌ലെറ്ററുകള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് എളുപ്പം അണ്‍സബ്സ്ക്രൈബ് ചെയ്യാം. അതിനായി അണ്‍സബ്സ്ക്രൈബ് ലിങ്കിന്റെ സ്ഥാനം ഇമെയില്‍ സന്ദേശത്തിന്റെ താഴെ നിന്നും മുകളിലേക്ക് മാറ്റിയിരിക്കുന്നു.

Unsubscribe Link

മുന്‍പ് അണ്‍സബ്സ്ക്രൈബ് ലിങ്ക് ഇമെയില്‍ സന്ദേശത്തിന്റെ ഏറ്റവും അടിയില്‍ ആരും ശ്രദ്ധിക്കപെടാത്ത രീതിയിലായിരുന്നു ഉണ്ടായിരുന്നത്. പുതിയ മാറ്റം പ്രകാരം ഇമെയില്‍ സന്ദേശത്തിന്റെ മുകളില്‍ അയച്ചയാളുടെ ഇമെയില്‍ വിലാസത്തിന്റെ വലത്തായാണ് അണ്‍സബ്സ്ക്രൈബ് ലിങ്കിന്റെ സ്ഥാനം.

ജിമെയിലിന്റെ ഗൂഗിള്‍ പ്ലസ്‌ പേജ് വഴിയാണ് ഈ പുതിയ സവിശേഷതയെ കുറിച്ച് ഗൂഗിള്‍ പറഞ്ഞത്. അയച്ചയാളുടെ ഇമെയില്‍ സ്പാം ആയി മാര്‍ക്ക്‌ ചെയ്യാനുള്ള സാധ്യത പുതിയ അണ്‍സബ്സ്ക്രൈബ് വഴി കുറയും എന്നാണ് ഗൂഗിള്‍ പറയുന്നത്. ഈ ഫീച്ചര്‍ പുതിയതല്ല. തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് ഈ ഫീച്ചര്‍ പരീക്ഷിക്കാനുള്ള അവസരം ഗൂഗിള്‍ മുന്നേ നല്‍കിയിരുന്നു. പക്ഷേ ഇപ്പോഴാണ് എല്ലാ ജിമെയില്‍ അംഗങ്ങള്‍ക്കും ഈ ഫീച്ചര്‍ ലഭിക്കുന്നത്.