സൂക്ഷിക്കുക കാസ്പെര്‍സ്കൈ മൊബൈല്‍ സെക്യൂരിറ്റി (Kaspersky Mobile Security) ആപ്പ് എന്ന വ്യാജേന ആന്‍ഡ്രോയ്ഡ് മാല്‍വെയര്‍ വ്യാപിക്കുന്നു. ഗൂഗിള്‍ പ്ലേ അല്ലാത്ത സോര്സുകളില് നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് മൊബൈല്‍ സുരക്ഷ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫിഷിങ്ങ് ഇമെയില്‍ വഴിയാണ് ഇത് മുഖ്യമായും പടരുന്നത്.

SandroRAT എന്ന പേരുള്ള മാല്‍വെയറിന്റെ സാന്നിദ്ധ്യംആദ്യം തിരിച്ചറിഞ്ഞത് പോളണ്ടിലാണ്. കാസ്പെര്‍സ്കൈ ലാബിന്റെ എന്നു തോന്നിക്കുന്ന ഫിഷിങ്ങ് ഇമെയില്‍ കാംപെയിന് വഴിയാണ് സൈബര്‍ ക്രിമിനലുകള്‍ SandroRAT മാല്‍വെയറിനെ വ്യാപിപ്പിക്കുന്നത്. നിങ്ങളുടെ ഫോണില്‍ വയറസ് ഉണ്ട് അതിനെ നീക്കം ചെയ്യാന്‍ Kaspersky Mobile Security ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യൂ തുടങ്ങിയ വ്യാജ സന്ദേശങ്ങളാണ് ഇവര്‍ ഇമെയില്‍ വഴി പ്രചരിപ്പിക്കുന്നത്. ഇങ്ങനത്തെ സന്ദേശങ്ങളടങ്ങിയ എസ്എംഎസ് വഴിയും ഈ മാല്‍വെയര്‍ വ്യാപിക്കുന്നുണ്ട്. ഇത് തിരിച്ചറിയാത്ത ആളുകള്‍ ഇമെയിലിലെ അല്ലെങ്കില്‍ എസ്എംഎസിലെ ലിങ്ക് വഴി ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്താല്‍ SandroRAT മാല്‍വെയര്‍ പണി തുടങ്ങും.
ആന്‍ഡ്രോയ്ഡ് ഫോണുകളുടെ റിമോട്ട് ആക്സസ് നല്കുന്ന ഒരു ടൂളിന്റെ (RAT) ഒരു പതിപ്പാണ് SandroRAT മാല്‍വെയര്‍. SandroRAT മാല്‍വെയറില്‍ നിന്ന് രക്ഷനേടാന്‍ പ്രധാനമയും ചെയ്യേണ്ടത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് മാത്രം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഇമെയില്‍ അല്ലെങ്കില്‍ എസ്എംഎസ് അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകളില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യാതിരിക്കുക.