കിഷോര്‍ കുമാറിന്റെ 85മത് ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗായകരില്‍ ഒരാളായ കിഷോര്‍ കുമാറിന്റെ 85മത് ജന്മദിനത്തില്‍ അദ്ദേഹത്തിനുള്ള ആദര സൂചകാമായി ഗൂഗിള്‍ ഡൂഡില്‍. ഗൂഗിള്‍ ഇന്ത്യയുടെ സെര്‍ച്ച്‌ പേജിലാണ് ഡൂഡില്‍ കാണാന്‍ കഴിയുക. സിനിമാരംഗത്ത് വെറും ഗായകന്‍ മാത്രമായി ഒതുങ്ങിയ ആളായിരുന്നില്ല കിഷോര്‍. ഗാനരചയിതാവ്, അഭിനേതാവ്, സംഗീതസംവിധായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, തിരകഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Google Doodle Kishore Kumar

കുഞ്ചന്‍ ലാല്‍ ഗാംഗുലി, ഗൗരി ദേവി ദമ്പതികളുടെ മകനായി 1929 ഓഗസ്റ്റ് നാലിന് മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഖ്‌ന്വയിലെ ബംഗാളി കുടുംബത്തിലാണ് അഭാസ് കുമാര്‍ ഗാംഗുലി എന്ന കിഷോര്‍ കുമാറിന്റെ ജനനം. ഹിന്ദി സിനിമാ നടന്‍ അശോക് കുമാര്‍ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനായിരുന്നു.

പ്രധാനമായും ഹിന്ദി ഭാഷയിലും കൂടാതെ മാതൃഭാഷയായ ബംഗാളി, മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നട, ഭോജ്പുരി, മലയാളം, ഒറിയ എന്നീ ഭാഷകളിലും കിഷോര്‍ പാടിയിട്ടുണ്ട്. ഖേംചന്ദ് പ്രകാശ് എന്ന സംഗീത സംവിധായകന്‍ 1951 സിദ്ധി എന്ന ചിത്രത്തിന് വേണ്ടി പാടിച്ചതോടെയാണ് ഗായകനെന്ന നിലയില്‍ കിഷോര്‍ കുമാര്‍ ശ്രദ്ധ നേടുന്നത്. 1987ല്‍ അദ്ദേഹത്തിന്റെ കരിയര്‍ അതിന്റെ ഉന്നതിയില്‍ എത്തിനില്‍ക്കുന്ന സമയത്ത് ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണമടയുന്നത്.