ജനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ വെബ്‌സൈറ്റുമായി മോദി സര്‍ക്കാര്‍

അധികാരത്തിലേറി അറുപതാം ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ ജനങ്ങളുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു വെബ്സൈറ്റ് നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ചു. വെബ്സൈറ്റ് വിലാസം http://mygov.nic.in എന്നാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി തന്നെയാണ് ഈ വെബ്സൈറ്റ് അവതരിപ്പിച്ചത്. നാഷണല്‍ ഇന്‍ഫര്‍മേറ്റിക്‌സ് സെന്ററാണ് ഈ വെബ്സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ജനങ്ങളും ഭരണകുടവും തമ്മിലുള്ള ആശയവിനിമയം ഇതിലുടെ എളുപ്പമാകുമെന്നും തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രമായി ഒതുങ്ങേണ്ടതല്ല ജനങ്ങളുമായുള്ള ബന്ധമെന്നും വെബ്‌സൈറ്റിലുള്ള സന്ദേശത്തില്‍ മോദി പറയുന്നു.

mygov modi goverment

ഭരണനിര്‍വഹണത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും, പുതിയ ആശയങ്ങളും ജനങ്ങള്‍ക്ക് ഈ വെബ്സൈറ്റ് വഴി സര്‍ക്കാരുമായി പങ്കുവെക്കാം. സര്‍ക്കാരിന്റെ പ്രധാനലക്ഷ്യമായ ഗംഗാനദി ശുദ്ധീകരണം, വിവിധമേഖലകളിലെ വിദഗ്ദ്ധപരിശീലനം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ശുചിത്വ ഭാരതം, സാങ്കേതിക ഇന്ത്യ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ക്രിയാത്മാകമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിനെ അറിയിക്കാനും വെബ്‌സൈറ്റ് വഴിയൊരുക്കുന്നു. ജനങ്ങളുടെ അഭിപ്രായം വിദഗ്ദര്‍ വിലയിരുത്തി മറുപടി നല്‍കും. വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി വിലയിരുത്തിയതിന് ശേഷം കൂടുതല്‍ മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ഹിന്ദിയിലും ഇംഗ്ലീഷിലും വെബ്സൈറ്റ് ലഭ്യമാണ്. പേരും വിലാസവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ വെബ്സൈറ്റ് വഴി അഭിപ്രായങ്ങള്‍ നല്‍കാന്‍ കഴിയൂ. വെബ്സൈറ്റ് വഴി സര്‍ക്കാരിന്റെ രണ്ടു മാസത്തെ പ്രവര്‍ത്തനം വിലയിരുത്താനും ജനങ്ങള്‍ക്ക് അവസരമുണ്ട്.