ഇന്ത്യയിലെ വിന്‍ഡോസ്‌ ഒഎസ് ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് Bladabindi മാല്‍വെയര്‍ പടരുന്നു

Posted on Jul, 25 2014,ByTechLokam Editor

Bladabindi എന്ന പേരിലുള്ള ഒരു മാല്‍വെയര്‍ ഇന്ത്യയിലെ വിന്‍ഡോസ്‌ ഒഎസ് ഉപഭോക്താക്കളെ ഉന്നംവെച്ച് പടരുന്നതായി സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വിവിധ പതിപ്പുകളില്‍ വരുന്ന ഈ മാല്‍വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ മോഷ്ടിച്ച് ദുരുപയോഗം ചെയ്യുന്നു.

Bladabindi Malware

Computer Emergency Response Team-India (CERT-In) പറയുന്നത് പ്രകാരം പെന്‍ഡ്രൈവ്‌, ഡാറ്റാകാര്‍ഡ്‌ തുടങ്ങിയ യുഎസ്ബി ഫ്ലാഷ് ഡ്രൈവുകള്‍ വഴിയാണ് Bladabindi മാല്‍വെയര്‍ പടരുന്നത്‌. Bladabindi മാല്‍വെയര്‍ ബാധിച്ച കംപ്യൂട്ടറുകളിലേക്ക് മറ്റ് മാല്‍വെയറുകളെ ഡൗണ്‍ലോഡ് ചെയ്യാനും, റിമോട്ട് അറ്റാക്കര്‍ക്ക് ബാക്ക്ഡോര്‍ ആക്സസ് നല്‍ക്കാനും ഈ മാല്‍വെയറിനാകും.

Bladabindiയുടെ ചില പതിപ്പിന് കമ്പ്യൂട്ടര്‍ കീബോര്‍ഡ് പ്രസ്സ് മനസിലാക്കാനും, കമ്പ്യൂട്ടറിലെ ക്യാമറയെ നിയന്ത്രിക്കാനും പിന്നീട് ഈ വിവരങ്ങള്‍ ദൂരെയിരുന്ന് ഈ മാല്‍വെയറിനെ നിയന്ത്രിക്കുന്നയാള്‍ക്ക് അയച്ചുകൊടുക്കാനും കഴിയും. Bladabindi മാല്‍വെയറിന്റെ വിവിധ പതിപ്പുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഹാക്കിങ്ങ് ടൂളുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇതു ഉപയോഗിച്ച് Bladabindi മാല്‍വെയര്‍ ഉള്ള ഫയല്‍ ഉണ്ടാക്കാം തുടര്‍ന്ന് അതിന് ഏത് ഐക്കണ്‍ വേണമെങ്കിലും നല്‍കാം. വിന്‍ഡോസ് യൂസറെ തെറ്റിദ്ധരിപ്പിച്ച് ഈ ഫയലില്‍ ക്ലിക്ക് ചെയ്യിക്കാന്‍ കഴിഞ്ഞാല്‍ മാല്‍വെയര്‍ അതിന്റെ പണി തുടങ്ങും.

അപ്ഡേറ്റ് ചെയ്ത ആന്റിവയറസ്, മാല്‍വെയര്‍ റിമൂവബിള്‍, മൈക്രോസോഫ്റ്റ് സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സ്കാന്‍ ചെയ്യുക, ഓട്ടോറണ്‍ ഫീച്ചര്‍ ഡിസേബിള്‍ ചെയ്യുക, പെന്‍ഡ്രൈവുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ആന്റിവയറസ്, മാല്‍വെയര്‍ റിമൂവബിള്‍ തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് അവ സ്കാന്‍ ചെയ്യുക. തുടങ്ങിയ മുന്‍കരുതലുകള്‍ എടുത്താല്‍ ഒരു പരിധിവരെ Bladabindi മാല്‍വെയറില്‍ നിന്നും രക്ഷനേടാം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക