സ്പൈസ് ദീപാവലിക്ക് മുന്‍പേ 6000 രൂപയുടെ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കും

ദീപാവലിക്ക് മുന്‍പേ തങ്ങളുടെ ആദ്യ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് സ്പൈസ് മൊബിലിറ്റി ഡിവൈസ് സിഇഒ ടി.എം. രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആഘോഷിക്കുന്ന ഉത്സവമായ ദീപാവലി ഈ വര്‍ഷം ഒക്ടോബര്‍ 23ന് ആണ് ആഘോഷിക്കുന്നത്. ഫോണിന്റെ വില 6000 രൂപ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

വികസ്വര രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ലക്ഷ്യംകണ്ടു ഗൂഗിള്‍ ഇറക്കിയ ആന്‍ഡ്രോയ്ഡിന്റെ ഒരു പതിപ്പാണ്‌ ആന്‍ഡ്രോയ്ഡ് വണ്‍. വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ഇങ്ങനെ ഒരു പതിപ്പ് ഇറക്കിയത്. ഈ സംരംഭത്തില്‍ അംഗങ്ങളായുള്ള ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക്‌ മുന്‍കൂട്ടി തിരഞ്ഞെടുത്ത ഹാര്‍ഡ്‌വെയര്‍ ഗൂഗിള്‍ നല്‍കും. ഫോണിന്റെ രൂപകല്‍പ്പന നിര്‍മ്മാതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റം.

Android one

മൈക്രോമാക്സ്, ലാവാ, സെല്‍കോണ്‍, ഇന്റെക്സ് എന്നിവരാണ്‌ സ്പൈസിനെ കൂടാതെ ആന്‍ഡ്രോയ്ഡ് വണ്‍ സംരംഭത്തില്‍ ഇന്ത്യയിലെ അംഗങ്ങള്‍. എല്ലാ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളിലും സ്റ്റോക്ക്‌ ആന്‍ഡ്രോയ്ഡ് ഒഎസ് ആയിരിക്കും ഉണ്ടാവുക. ഇത് ഈ ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് ഒഎസിന്റെ അപ്ഡേറ്റ് ലഭിക്കുന്നത് വളരെ വേഗത്തിലാക്കുന്നു.

ഡ്യുവല്‍ കോര്‍ മീഡിയടെക് സിപിയു, ഡ്യുവല്‍ സിം, വിജിഎ ഡിസ്പ്ലേ, എഫ്എം റേഡിയോ തുടങ്ങിയ സവിശേഷതകള്‍ സ്പൈസിന്റെ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണിലുണ്ടായിരിക്കും. ഈ വര്‍ഷം വരുമാനം 40 ശതമാനം വര്‍ദ്ധിപ്പിച്ച് 2000 കോടി രൂപയില്‍ എത്തിക്കാനാണ് സ്പൈസ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായാണ് മറ്റു ആന്‍ഡ്രോയ്ഡ് വണ്‍ അംഗങ്ങളെക്കാള്‍ മുന്‍പേ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.