ഇലക്ഷന്‍ കമ്മീഷന്‍ സൈറ്റിന് വോട്ടെണ്ണല്‍ ദിനത്തില്‍ 45 കോടി ഹിറ്റ്

വോട്ടെണ്ണല്‍ ദിനമായ കഴിഞ്ഞ വെള്ളിയാഴ്ച ഇലക്ഷന്‍ കമ്മീഷന്‍ വെബ്സൈറ്റിന് 45 കോടി ഹിറ്റ് ലഭിച്ചു. ഒരു ഇന്ത്യന്‍ വെബ്സൈറ്റിന് ഒരു ദിവസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഹിറ്റാണിത്. വാര്‍ത്തകളും മറ്റും അറിയാന്‍ ആളുകള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നത് കൂടിവരുന്നു എന്ന് നമുക്ക് ഇതില്‍ നിന്നും മനസിലാക്കാം.

Election Commision Of India

ഇത്തവണ ഇലക്ഷന്‍ കമ്മീഷന്‍ സൈറ്റിന് ലഭിച്ച പോലെ ഹിറ്റ് വന്നാല്‍ സാധാരണ ഇന്ത്യന്‍ സര്‍ക്കാര്‍ സൈറ്റുകള്‍ ക്രാഷ് ആകാറാണ് പതിവ്. ഇലക്ഷന്‍ കമ്മീഷന്റെ ഐടി വിദഗ്ധര്‍ മുന്‍കരുതല്‍ എടുത്തതിനാല്‍ ഈ പ്രാവശ്യം സൈറ്റ് ഹാങ്ങ്‌ ആയില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കമ്മിഷന്റെ വെബ്‌സൈറ്റ് ഹാങ്ങായതിനാല്‍ ഇക്കുറി വന്‍ തയാറെടുപ്പുകളാണ് നടത്തിയിരുന്നത്.

വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ ശനിയാഴ്ച വൈകിട്ട് ആറിന് അവസാന ഫലവും പുറത്തുവരുന്നതു വരെ സൈറ്റ് സജീവമായിരുന്നു. രാജ്യമൊട്ടാകെയുള്ള 989 വോട്ടെണ്ണല്‍ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചാണ് തല്‍സമയം വിവരങ്ങള്‍ ലഭ്യമാക്കിയത്.