ഫെയ്സ്ബുക്ക് മൊബൈല്‍ ആപ്ളിക്കേഷനില്‍ നിന്നും ചാറ്റിങ്ങ് സേവനം നീക്കം ചെയ്യാനൊരുങ്ങുന്നു

ഫെയ്സ്ബുക്ക് അവരുടെ പ്രധാന മൊബൈല്‍ ആപ്പില്‍ നിന്നും ചാറ്റിങ്ങ് സേവനം നീക്കം ചെയ്യുന്നു. ഫെയ്സ്ബുക്കിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഉള്ള ആപ്പിലാണ് ഈ മാറ്റം. അതിനാല്‍ ഇനി മൊബൈലില്‍ ഫെയ്സ്ബുക്ക് ചാറ്റ് നടത്താന്‍ ഫെയ്സ്ബുക്കിന്റെ മെസന്‍ഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഫെയ്സ്ബുക്കിന്റെ മെസന്‍ഞ്ചര്‍ ആപ്പിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് മെസന്‍ഞ്ചര്‍ ആപ്പ് നിര്‍ബ്ബന്ധപൂര്‍വ്വം ഡൗണ്‍ലോഡ് ചെയ്യാന്‍ ഫെയ്സ്ബുക്ക് പ്രേരിപ്പിക്കുന്നത്.

Facebook Messenger

യൂറോപ്പിലെ ഫെയ്സ്ബുക്ക് ഉപഭോക്താകള്‍ക്ക് മെസന്‍ഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കാന്‍ ഫെയ്സ്ബുക്ക് തുടങ്ങിയിരിക്കുന്നു. അധികം വൈകാതെ എല്ലാവരും എങ്ങനെ ചെയ്യേണ്ടി വരും. ഇങ്ങനെയൊരു നീക്കത്തിന് കാരണമായി ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നതിങ്ങനെ, ചാറ്റ് സേവനം ഫെയ്സ്ബുക്ക് പ്രധാന ആപ്പിന്റെ ഒരു ഭാഗമായി നില്‍ക്കുമ്പോള്‍ ചാറ്റ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കാനുള്ള സാധ്യത കൂടുന്നു, പക്ഷേ ചാറ്റ് സേവനം ഒരു സ്റ്റാന്റ് എലോണ്‍ ആപ്പില്‍ ആകുമ്പോള്‍ അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. മാത്രമല്ല ചാറ്റിങ്ങ് സേവനത്തിനായി മാത്രം ഒരു ആപ്പ് ആകുമ്പോള്‍ അതിന്റെ സ്പീഡ് വര്‍ദ്ധിക്കും.

പക്ഷേ ഭൂരിപക്ഷം പേരും ഫെയ്സ്ബുക്കിന്റെ ഈ മാറ്റം ഇഷ്ടപെടില്ല. ഒന്നില്‍ കൂടുതല്‍ ഫെയ്സ്ബുക്ക് ആപ്പ് ഫോണിലുണ്ടാകാന്‍ ആരും ആഗ്രഹിക്കുന്നില്ല. ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ ഈ മാറ്റത്തെ എങ്ങനെയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം.