വിന്‍ഡോസ് എക്‌സ് പിക്കുള്ള പിന്തുണ മൈക്രോസോഫ്റ്റ് ഇന്ന് അവസാനിപ്പിക്കുന്നു

വിന്‍ഡോസ് എക്‌സ്പി എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് നല്‍കിവന്നിരുന്ന എല്ലാവിധ പിന്തുണയും, സേവനങ്ങളും മൈക്രോസോഫ്റ്റ് ഏപ്രില്‍ 8ന് അതായത് ഇന്ന് അവസാനിപ്പിക്കുന്നു. നിലവില്‍ എക്സ്പി ഉപയോഗിക്കുന്നവര്‍ വിന്‍ഡോസ് 7 അല്ലെങ്കില്‍ വിന്‍ഡോസ് 8/8.1 ലേക്കോ മാറാനാണ് മൈക്രോസോഫ്റ്റ് നിര്‍ദേശിക്കുന്നത്. വിന്‍ഡോസ് എക്‌സ്പി ക്കുള്ള സാങ്കേതിക പിന്തുണ, ഏപ്രില്‍ എട്ടിന് പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് നേരത്തെ അറിയിച്ചിരുന്നു. മൈക്രോസോഫ്റ്റ് പിന്‍മാറിയതോടെ, പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റുകളോ, ഹോട്ട്ഫിക്‌സുകളോ, ഓട്ടോമാറ്റിക് അപ്‌ഡേറ്റുകളോ ഒന്നും വിന്‍ഡോസ് എക്‌സ് പി ഒഎസിന് ആഗോളതലത്തില്‍ ഇനി ലഭിക്കില്ല.

End support for windows xp

വിന്‍ഡോസ് എക്സ്പിയുടെ അത്ര സ്വീകാര്യത ഉണ്ടായിട്ടുള്ള മറ്റൊരു ഓപ്പറേറ്റിങ്ങ് സിസ്റ്റവും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ പലതും വന്നു, പോയി. വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7, ഇപ്പോഴിതാ വിന്‍ഡോസ് 8 ഉം കഴിഞ്ഞ് സംഭവം വിന്‍ഡോസ് 8.1 ലെത്തി നില്‍ക്കുന്നു. പക്ഷേ ഇവക്കൊന്നും കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഭൂരിപക്ഷംപേരും വിന്‍ഡോസ് എക്സ്പിയില്‍ തന്നെ തുടര്‍ന്നു. അതിനാല്‍ മൈക്രോസോഫ്റ്റിനും ഇതുവരെ അതിനെ കൈവിടാന്‍ കഴിഞ്ഞില്ല. പക്ഷേ ഇപ്പോള്‍ എക്സ്പിയുടെ പിന്തുണ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് നിര്‍ബന്ധിതമായിരിക്കുന്നു.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2001 ഒക്ടോബര്‍ 25ന് ആണ് പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ തോഴനായ എക്സ്പി പുറത്തിറങ്ങുന്നത്. ഇറങ്ങിയതില്‍ പിന്നെ എക്സ്പിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അത്രക്ക് ജനപ്രീതി നേടാന്‍ ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് കഴിഞ്ഞു. എക്‌സ് പി യുടെ സര്‍വ്വീസ് പാക്ക് 3 ( SP3 ) ആണ് ഇപ്പോഴുള്ള വേര്‍ഷന്‍. ഇന്ത്യയില്‍ ഇപ്പോഴും വിന്‍ഡോസ് ഉപയോഗിക്കുന്ന പി സി കളില്‍ 16 ശതമാനം വിന്‍ഡോസ് എക്‌സ് പി യിലാണ് ഓടുന്നത്.

എക്സ്പിയുടെ പിന്തുണ മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുക അതില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളെ ആയിരിക്കും. ലോകത്തെ 95 ശതമാനം എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നത് എക്സ്പിയിലാണ്. എക്സിപിയുടെ ചില എംബഡഡ് പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സപ്പോര്‍ട്ട് 2016 വരെ ലഭിക്കും. എക്സ്പിയുടെ സുരക്ഷ പിന്തുണക്കായി പല വിദേശ സര്‍ക്കാരുകളും, ബാങ്കുകളും മറ്റ് സ്വകാര്യ എജന്‍സികളെ സമീപിച്ചിട്ടുണ്ട്.

Leave a Reply