സ്റ്റാര്‍ട്ട്‌ മെനു വിന്‍ഡോസ് 8.1ല്‍ തിരിച്ചെത്തുമെന്ന് മൈക്രോസോഫ്റ്റ്

ഏവരുടെയും പ്രിയപ്പെട്ട സ്റ്റാര്‍ട്ട്‌ മെനുവിനെ മൈക്രോസോഫ്റ്റ് തിരിച്ചുകൊണ്ടുവരുന്നു. വിന്‍ഡോസ് 8.1ന്റെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കായി ഇറങ്ങുന്ന അപ്ഡേറ്റിലാണ് സ്റ്റാര്‍ട്ട്‌ മെനുവിന്റെ പരിഷ്കരിച്ച രൂപം ഉണ്ടാവുക. സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് നടന്ന മൈക്രോസോഫ്റ്റ് ബില്‍ഡ് ഡെവലപ്പര്‍ ( Microsoft Build 2014 ) കോണ്‍ഫെറന്‍സിലാണ് മൈക്രോസോഫ്റ്റിന്റെ Terry Myerson ഈ കാര്യം പ്രഖ്യാപിച്ചത്.

Start Menu Coming Back to Windows

കാഴ്ചയില്‍ സ്റ്റാര്‍ട്ട്‌ മെനു വിന്‍ഡോസ് 7ലേതിനു സമാനമാണ്. പക്ഷേ വിന്‍ഡോസ് 7ലേതില്‍ നിന്നും വ്യത്യസ്തമായി സ്റ്റാര്‍ട്ട്‌ മെനുവിന്റെ വലത്തുവശത്തായി സ്റ്റാര്‍ട്ട്‌ സ്ക്രീനിന്റെ ഒരു ചെറിയ രൂപം കാണാം. അതായത് വിന്‍ഡോസ് 7ലെ സ്റ്റാര്‍ട്ട്‌ മെനുവിന്റെ സവിശേഷതകളുടെ കൂടെ വിന്‍ഡോസ് മെട്രോ യൂസര്‍ ഇന്റര്‍ഫേസിന്റെ ചില സവിശേഷതകളും കൂടെ കൂടിയതാണെന്ന് ചുരുക്കം. ഇതിന്റെ ഒരു ഡെമോ Terry Myerson മൈക്രോസോഫ്റ്റ് ബില്‍ഡ് ഡെവലപ്പര്‍ കോണ്‍ഫെറന്‍സില്‍ കാണിക്കുകയുണ്ടായി.

സ്വീകാര്യത കുറവ് കാരണം വിന്‍ഡോസിന്റെ ഡെസ്ക്ടോപ്പ് പതിപ്പില്‍ നിന്നും മെട്രോ ഇന്റര്‍ഫേസിന്റെ സ്വാധീനം കുറക്കാനുള്ള ഒരു നീക്കമായിട്ടാണ് വിദഗ്‌ദ്ധര്‍ ഇതിനെ കാണുന്നത്. മൈക്രോസോഫ്റ്റ് മുന്‍പ് വിന്‍ഡോസില്‍ നിന്നും സ്റ്റാര്‍ട്ട്‌ മെനു പിന്‍വലിച്ചപ്പോള്‍ ഭൂരിപക്ഷം വിന്‍ഡോസ് ആരാധകരും നിരാശരായിരുന്നു. ഉപഭോക്താക്കള്‍ക്ക് ആവേശം പകരുന്ന ഈ പുതിയ അപ്ഡേറ്റ് എന്ന് വരുമെന്ന് അറിയില്ല.