എന്‍ക്രിപ്റ്റഡ് എച്ച്ടിടിപിഎസ് കണക്ഷന്‍ വഴി ജിമെയില്‍ കൂടുതല്‍ സുരക്ഷിതമായിരിക്കുന്നു

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സേവനമായ ജിമെയിലിന്റെ സുരക്ഷ ഗൂഗിള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഗൂഗിള്‍ സെര്‍വറുകളില്‍നിന്ന് യു.എസ്.നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ( എന്‍ എസ് എ ) ഡേറ്റ ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ ഈയൊരു നീക്കം. അതിന്റെ ഭാഗമായി, ഇനി മുതല്‍ പൂര്‍ണമായും ‘എന്‍ക്രിപ്റ്റഡ് എച്ച്ടിടിപിഎസ് കണക്ഷന്‍ ‘ ( encrypted HTTPS connection ) ഉപയോഗിച്ചായിരിക്കും ജിമെയില്‍ പ്രവര്‍ത്തിക്കുക. ജിമെയിലിന്റെ ഔദ്യോഗിക ബ്ലോഗിലാണ് ഇക്കാര്യം അറിയിച്ചത്.

Encrypted HTTPS Gmail

2004ല്‍ ആണ് ജിമെയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്നുമുതല്‍ സുരക്ഷയ്ക്കായി HTTPS സപ്പോര്‍ട്ട് ജിമെയിലില്‍ ഉണ്ടായിരുന്നു.010 ല്‍ HTTPS കണക്ഷന്‍ ഡിഫോള്‍ട്ട് യൂസര്‍ ഓപ്ഷനായി ഗൂഗിള്‍ മാറ്റുകയും ചെയ്തു. ഇനിമുതല്‍ നിങ്ങളുടെ കമ്പ്യൂട്ടറിനും ജിമെയില്‍ സെര്‍വറിനുമിടയില്‍ എന്‍ക്രിപ്റ്റഡ് HTTPS കണക്ഷന്‍ വഴി മാത്രമേ ഡേറ്റ വിനിമയം ചെയ്യപ്പെടൂ എന്നതാണ് പുതിയ മാറ്റം. എന്‍ക്രിപ്റ്റ് ചെയ്ത രൂപത്തിലാണ് ഇത്രനാളും നിങ്ങളുടെ കമ്പ്യൂട്ടറില്‍നിന്ന് ജിമെയില്‍ ഡേറ്റ അയച്ചിരുന്നത്. എന്നാല്‍ , അതേ ഡേറ്റ ഗൂഗിളിന്റെ സെര്‍വറില്‍നിന്ന് കമ്പനിയുടെ മറ്റൊരു ഡേറ്റാ സെന്ററിലേക്ക് അയച്ചിരുന്നത് എന്‍ക്രിപ്റ്റ് ചെയ്ത രൂപത്തിലായിരുന്നില്ല. അതിന് മാറ്റം വരികയാണ്.

ഗൂഗിളിന്റെ സെര്‍വറുകള്‍ക്കിടയില്‍ നടക്കുന്ന ഡേറ്റ വിനിമയം ഇനി എന്‍ എസ് എക്ക് ചോര്‍ത്താന്‍ കഴിയില്ല എന്നാണ് ഗൂഗിള്‍ അവകാശപെടുന്നത്. ഉപയോക്താവ് ഏതു തരത്തിലുള്ള കണക്ഷനോ കമ്പ്യൂട്ടറോ ഫോണോ ടാബ്ലറ്റോ ഉപയോഗിച്ചാലും ഡാറ്റകളിലേക്ക് ഒരു തരത്തിലുള്ള കടന്നുകയറ്റവും നടക്കുകയില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് പുതിയ സംവിധാനമെന്ന് ഗൂഗിള്‍ ഉറപ്പു നല്‍കുന്നു.