ഫെയ്സ്ബുക്ക് മെസ്സെഞ്ചര്‍ വഴി ഇനി വോയിസ്‌ കാളിങ്ങ് നടത്താം

ഫെയ്സ്ബുക്ക് മെസ്സെഞ്ചര്‍ വഴിയുള്ള വോയിസ്‌ കാളിങ്ങ് സൗകര്യം ഇന്ത്യയിലും എത്തിയിരിക്കുന്നു. ഫെയ്സ്ബുക്ക് മെസ്സെഞ്ചര്‍ വഴി ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മറ്റ് ഫോണിലേക്ക് ഇന്ത്യയിലെ അംഗങ്ങള്‍ക്കും ഇനി വോയിസ്‌ കാള്‍ നടത്താം. ഫെയ്സ്ബുക്ക് മെസ്സെഞ്ചറിന്റെ ഏറ്റവും പുതിയ പതിപ്പ് വഴിയെ ഇത് സാധ്യമാകൂ.

Facebook Messenger  New Logo

മെസ്സെഞ്ചര്‍ ചാറ്റ് വിന്‍ഡോയില്‍ ഇപ്പോള്‍ ഫ്രീകോള്‍ എന്ന ഓപ്ഷന്‍ ഇപ്പോള്‍ കാണുവാന്‍ സാധിക്കും. ഇന്ത്യയിലെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ ഈ സേവനം ലഭിക്കൂ. 3ജി, വൈഫേ നെറ്റുവര്‍ക്കുകളില്‍ സാധാരണ ഫോണ്‍ കോളിന്റെ അതേ വ്യക്തത ഈ വോയിസ്‌ കാളിങ്ങിനും ലഭിക്കും. ഫെയ്സ്ബുക്ക് അടുത്തിടെ വാങ്ങിയ വാട്ട്സ് ആപ്പ് ഫ്രീകോള്‍ സംവിധാനം തുടങ്ങാന്‍ ഇരിക്കെയാണ് ഫെയ്സ്ബുക്കിന്റെ മെസ്സെഞ്ചറില്‍ ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്.

Facebook Messenger  voice calls in India

ഒരു സാധാരണ കാള്‍ വരുമ്പോള്‍ കോണ്ടാക്റ്റ് എങ്ങനെയാണോ ഒരു ഫോണിന്റെ സ്ക്രീനില്‍ കാണിക്കുന്നത് അതുപോലെതന്നെയാണ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫെയ്സ്ബുക്ക് മെസ്സെഞ്ചര്‍ വഴിയുള്ള ഇന്‍കമിംങ്ങ് കാള്‍ വരുമ്പോളും കോണ്ടാക്റ്റ് ഇമേജ് കാണിക്കുക. പക്ഷേ ഐഫോണില്‍ ഇത് ഒരു പുഷ് നോട്ടിഫിക്കേഷനായാണ്‌ കാണിക്കുക. ഫെയ്സ്ബുക്ക് മെസ്സെഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഒരു ഫോണില്‍നിന്നും മറ്റൊരു ഫോണിലേക്കേ വോയിസ്‌ കാള്‍ ചെയ്യാന്‍ കഴിയൂ. മെസ്സെഞ്ചര്‍ വെബ്ബ് പതിപ്പില്‍ ഈ സേവനം ഇപ്പോള്‍ ലഭ്യമല്ല.

2013 ജനുവരിയില്‍ അമേരിക്കയിലെയും കാനഡയിലെയും ഐഒഎസ് മെസ്സെഞ്ചര്‍ അംഗങ്ങള്‍ക്കാണ് ആദ്യമായി വോയിസ്‌ കാളിങ്ങ് സംവിധാനം ലഭിച്ചത്.