വിന്‍ഡോസ് മൊബൈല്‍ ഒഎസ് ഇന്ത്യന്‍ കമ്പനികള്‍ക്ക് സൗജന്യമായി നല്‍കാമെന്ന വാഗ്ദാനവുമായി മൈക്രോസോഫ്റ്റ്

മൊബൈല്‍ ഒഎസ് വിഹിതത്തില്‍ സിംഹഭാഗവും ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയാണ് കയ്യാളുന്നത്. ഇതില്‍ കാര്യമായൊരു ഇടിവുണ്ടാക്കാന്‍ ഇതുവരെ വിന്‍ഡോസ് മൊബൈല്‍ ഒഎസിന് കഴിഞ്ഞിട്ടില്ല. ഇതില്‍ ഒരു മാറ്റമുണ്ടാക്കാന്‍ ലൈസന്‍സ് ഫീസ് വേണ്ടെന്ന് വെച്ച് വിന്‍ഡോസ് മൊബൈല്‍ ഒഎസ് സൗജന്യമായി ഇന്ത്യയിലെ പ്രധാനപ്പെട്ട മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് നല്‍കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നു.

Windows Phone OS free to Indian Companies

മൈക്രോമാക്സ്, ലാവ, കാര്‍ബണ്‍, സോളോ എന്നീ കമ്പനികള്‍ വിന്‍ഡോസ്‌ ഫോണ്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന വില കുറഞ്ഞ ഉപകരണങ്ങള്‍ ഇറക്കാന്‍ മൈക്രോസോഫ്റ്റുമായി ചര്‍ച്ചയിലാണ്. ഇന്ത്യന്‍ വംശജനായ സിഇഒ സത്യ നാദെല്ലയുടെ സാനിധ്യം ഈ ചര്‍ച്ചയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സഹായകമായിട്ടുണ്ട്. കഴിഞ്ഞ മാസം ബാഴ്‌സലോണയില്‍ വെച്ച് നടന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ വെച്ച് ലാവ, കാര്‍ബണ്‍ എന്നീ കമ്പനികള്‍ വിന്‍ഡോസ് ഫോണുകള്‍ ഉടന്‍ ഇറക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇവ അടുത്ത മാസം വിപണിയില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഒരു ഫോണില്‍ വിന്‍ഡോസ് മൊബൈല്‍ ഒഎസ് ഉപയോഗിക്കാന്‍ 20 ഡോളര്‍ മുതല്‍ 30 ഡോളര്‍ വരെ ഫീ ആയി മൈക്രോസോഫ്റ്റിന് നല്‍കണം. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസ് സൗജന്യമായി ലഭിക്കുന്ന ഒന്നാണ്. വിന്‍ഡോസ് മൊബൈല്‍ ഒഎസ് സൗജന്യമായി നല്‍കുന്നതിലൂടെ കൂടുതല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ ഈ ഒഎസ് ഉപയോഗിക്കാന്‍ തുടങ്ങും, കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നതിലൂടെ മൈക്രോസോഫ്റ്റിന് മൊബൈല്‍ ഒസിന്റെ പാകപിഴകള്‍ കണ്ടെത്താന്‍ കഴിയും, തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഒഎസ് കൂടുതല്‍ മെച്ചപെടുത്താന്‍ കഴിയും. വിന്‍ഡോസ് മൊബൈല്‍ ഒഎസ് സൗജന്യമായി നല്‍കാന്‍ തയ്യാറായാല്‍ കൂടുതല്‍ നിര്‍മ്മാതാക്കള്‍ ഈ ഒഎസ് പരീക്ഷിക്കാന്‍ മുന്നോട്ട് വരും. ഇതുവഴി കൂടുതല്‍ മൊബൈല്‍ ഒഎസ് വിഹിതം നേടാന്‍ കഴിയും.