ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് മലയാളം കീബോര്‍ഡുമായി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

ആന്‍ഡ്രോയ്ഡ് ഫോണുകളിലും, ടാബുകളിലും മലയാളം എളുപ്പത്തില്‍ ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ‘ഇന്‍ഡിക് ആപ്’ എന്ന കീബോര്‍ഡ്‌ ആപ്പ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയ്യാറായിരിക്കുന്നു. മലയാളത്തിനു പുറമേ ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി ,നേപ്പാളി , ഒറിയ, പഞ്ചാബി, സംസ്‌കൃതം, സിംഹള, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നീ ഭാഷകളും ഈ കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാം.

Indic Keyboard for Android OS

Indic Keyboard for Android OS

“എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ” എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അഥവാ എസ്.എം.സി. കേരള സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ICFOSS എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍ ‘ഇന്‍ഡിക് കീബോര്‍ഡ്’ തയാറാക്കിയത്.

ഫൊണറ്റിക്ക്, ഇന്‍സ്‌ക്രിപ്റ്റ് , ട്രാന്‍സ്ലിറ്ററേഷന്‍ എന്നിങ്ങനെ മൂന്നു രീതിയിലുള്ള ഇന്‍പുട്ട് ഓപ്ഷനുകള്‍ ഇന്‍ഡിക് കീബോര്‍ഡില്‍ ലഭ്യമാണ്. അതായത് സാധാരണ രീതിയില്‍ ഗൂഗിള്‍ എഴുത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ച് മംഗ്‌ളീഷില്‍ ടൈപ്പ് ചെയ്തു മലയാളത്തിലേക്ക് മാറ്റുന്ന രീതിയില്‍ തന്നെ ഈ കീബോര്‍ഡ് ഉപയോഗിച്ചും ചെയ്യാവുന്നതാണ്. ആന്‍ഡ്രോയ്ഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ ഈ കീബോര്‍ഡ് ആപ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ ഒഎസ് ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ (4.1) അല്ലെങ്കില്‍ അതിനു ശേഷമുള്ളവയായിരിക്കണം.

ഈ കീബോര്‍ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് https://play.google.com/store/apps/details?id=org.smc.inputmethod.indic ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ Indic Keyboard എന്ന് സെര്‍ച്ച് ചെയ്‌തോ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Leave a Reply