ഡ്രോണ്‍ വിമാന നിര്‍മ്മാതാക്കള്‍ ടൈറ്റന്‍ എയ്റോസ്പേസിനെ ഫെയ്സ്ബുക്ക് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു

പൈലറ്റില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ നിമ്മിക്കുന്ന ടൈറ്റന്‍ എയ്റോസ്പേസിനെ 60 ദശലക്ഷം ഡോളറിന് ഏറ്റെടുക്കാന്‍ ഫെയ്സ്ബുക്ക് ഒരുങ്ങുന്നു. പ്രമുഖ ടെക്നോളജി ബ്ലോഗായ ടെക്ക്ക്രഞ്ചാണ് ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തത്. ഇന്റര്‍നെറ്റ് ലഭിക്കാത്ത ഏകദേശം 5 ബില്ല്യണ്‍ ആളുകള്‍ക്ക് ഡ്രോണ്‍ വിമാനങ്ങള്‍ വഴി ഇന്റര്‍നെറ്റ് എത്തിക്കാന്‍ വേണ്ടിയാണ് ഫെയ്‌സ്ബുക്ക് ഡ്രോണ്‍ നിര്‍മ്മാതാക്കളെ ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇന്റര്‍നെറ്റ് സൗകര്യം ഭൂഗോളമാകെ വ്യാപിപ്പിക്കാനുള്ള internet.org പദ്ധതിയുടെ ഭാഗമായാണ് ഫെയ്സ്ബുക്ക് ഇതിന് ശ്രമം ആരംഭിച്ചത്.

Facebook Looking Into Buying Titan Aerospace

പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കന്‍ സൈനികര്‍ പൈലറ്റ് ഇല്ലാത്ത ഡ്രോണ്‍ വിമാനങ്ങളുടെ സേവനം ഉപയോഗിച്ചിരുന്നു. വിദൂരതയില്‍നിന്ന് നിയന്ത്രിക്കാവുന്ന ഈ വിമാനങ്ങള്‍ കൃത്യ സ്ഥലത്ത് ചെന്ന് ആക്രമണം നടത്താനാണ് ഉപയോഗിക്കുന്നത്. ആള്‍നാശം ഒഴിവാക്കി പരമാവധി കൃത്യത വരുത്താന്‍ സഹായിക്കുമെന്നതാണ് ഇത്തരം വിമാനങ്ങളുടെ പ്രത്യേകത. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിമാനങ്ങള്‍ വഴി ഇന്റര്‍നെറ്റ് സൗകര്യം കൂടുതല്‍ ഇടങ്ങളില്‍ എത്തിക്കുകയാണ് ഫെയ്സ്ബുക്കിന്റെ ലക്ഷ്യം.

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപഗ്രഹത്തിന് സമാനമായ ഡ്രോണുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ടൈറ്റനെന്ന് നേരത്തെ കമ്പനിയുടെ വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നു. 65,000 അടി ഉയരത്തില്‍ അഞ്ച് വര്‍ഷത്തോളം നിലയുറപ്പിക്കാന്‍ ഡ്രോണിനാകും. വാര്‍ത്താവിനിമയം, കാലാവസ്ഥ പ്രവചനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഡ്രോണ്‍ ഫലപ്രദമാകുമെന്നും പറയുന്നു. 65,000 അടി ഉയരത്തില്‍ ഉപഗ്രഹങ്ങള്‍ പോലെ പ്രവര്‍ത്തിക്കാന്‍ ഇത്തരം വിമാനങ്ങള്‍ക്ക് കഴിയും. ഉപഗ്രഹങ്ങള്‍ക്ക് വേണ്ടത്ര ചെലവ് ആവശ്യമില്ല എന്നതാണ് ഇതിന്റെ മെച്ചം.

ഇതുവരെയും ഫെയ്സ്ബുക്ക്, ടൈറ്റാന്‍ എയറോ സ്പേസ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഏകദേശം ഇതിന് സമാനമായ ഒരു പദ്ധതിയുമായി ഗൂഗിളും നടപ്പിലാക്കുന്നുണ്ട്. പ്രൊജക്റ്റ് ലൂണ്‍ എന്ന പേരിട്ട ഗൂഗിളിന്റെ പദ്ധതി പ്രത്യേകമായി നിര്‍മിച്ച ബലൂണുകള്‍ വഴി ലോകമെങ്ങും വേഗതയുള്ള ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കാനാണ് ശ്രമിക്കുന്നത്. 100 ദിവസം മാത്രമേ ഇത്തരം ബലൂണുകള്‍ക്ക് ആയുസ്സുള്ളൂ എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ന്യൂനത.

Leave a Reply