വാട്ട്സാപ്പ് അവസാനം ഫെയ്സ്ബുക്ക് വിരിച്ച വലയില്‍ വീണിരിക്കുന്നു. മെസ്സേജിങ്ങ് ഭീമന്‍ വാട്ട്സാപ്പിനെ 19 ബില്യണ്‍ ഡോളറിന് ഫെയ്സ്ബുക്ക് വാങ്ങാന്‍ കരാറായി. 12 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളും, 4 ബില്യണ്‍ ഡോളര്‍ കാശായിട്ടും, 3 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികള്‍ വാട്ട്സാപ്പ് സ്ഥാപകര്‍ക്കും, ജോലിക്കാര്‍ക്കും നല്‍കാനാണ് കരാറായിരിക്കുന്നത്. ഫെയ്സ്ബുക്ക് ഇതുവരെ നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഏറ്റെടുക്കല്‍ ആണിത്.

വാട്ട്സാപ്പ് ഏറ്റെടുക്കാന്‍ ഉണ്ടായ കാരണങ്ങള്‍ ഫെയ്സ്ബുക്ക് അവരുടെ ബ്ലോഗ് വഴി വിശദീകരിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് ഏറ്റെടുത്തു കഴിഞ്ഞാലും വാട്ട്സാപ്പിന്റെ പ്രവര്‍ത്തനം സ്വതന്ത്രമായിട്ടായിരിക്കും. വാട്ട്സാപ്പ് എന്ന ബ്രാന്‍ഡ് നിലനിര്‍ത്തുകയും ചെയ്യും. കൂടാതെ വാട്ട്സാപ്പ് സഹസ്ഥാപകനും സിഇഒയുമായ Jan Koum ഫെയ്സ്ബുക്ക് ഭരണസമിതിയില്‍ അംഗമാവുകയും ചെയ്യും.
എല്ലാ മൊബൈല്‍ പ്ലാറ്റ്ഫോമിലും പ്രവര്‍ത്തിക്കുന്ന വളരെ വേഗതയേറിയതും വിശ്വാസയോഗ്യമായ ഒരു മൊബൈല്‍ മെസ്സേജിങ്ങ് സേവനമാണ് വാട്ട്സാപ്പ്. വാട്ട്സാപ്പ് ഒരു മാസത്തില്‍ സജീവമായി ഉപയോഗിക്കുന്ന അംഗങ്ങളുടെ എണ്ണം 450 ദശലക്ഷമാണ്. അതില്‍ 70 ശതമാനം പേര്‍ എല്ലാ ദിവസവും സജീവമായി ഉപയോഗിക്കുന്നവരാണ്. വാട്ട്സാപ്പ് വഴി അയക്കുന്ന സന്ദേശങ്ങളുടെ എണ്ണം, ലോകത്താകമാനം അയക്കപെടുന്ന എസ്എംഎസ്നേക്കാള്‍ കൂടുതലാണ്. 10 ലക്ഷം ആളുകള്‍ വാട്ട്സാപ്പില്‍ ഓരോ ദിവസവും പുതുതായി ചേരുന്നുണ്ട്.
ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒരു പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു, “100 കോടി അംഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക എന്ന പാതയിലാണ് വാട്ട്സാപ്പ് ഇപ്പോള്‍, അങ്ങനെയൊരു നാഴികക്കല്ല് പിന്നിടുന്ന സേവനങ്ങള്‍ വളരെ മൂല്യമേറിയതാണ്.” വാട്ട്സാപ്പ് ഏറ്റെടുത്തതായി അറിയിച്ചുകൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് നല്‍കിയ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക https://www.facebook.com/zuck/posts/10101272463589561 .
വാട്ട്‌സാപ്പില്‍ ആകെയുള്ളത് 32 എന്‍ജിനീയര്‍മാരാണ്. 7 മൊബൈല്‍ പ്ലാറ്റ്ഫോമുകളിലായി 50 ബില്യണ്‍ സന്ദേശങ്ങളാണ് വാട്ട്സാപ്പ് ഒരു ദിവസം കൈകാര്യം ചെയ്യുന്നത്. പരസ്യങ്ങള്‍ ഒന്നുമില്ല എന്നത് വാട്ട്സാപ്പിന്റെ ഒരു മേന്മയാണ്. വാട്ട്സാപ്പ് സഹസ്ഥാപകനും സിഇഒയുമായ Jan Koum ഇങ്ങനെ പറയുന്നു, “വളരെ ലളിതവും, വേഗതയേറിയതും, ശക്തവുമായ മൊബൈല്‍ മെസ്സേജിങ്ങ് സേവനം നല്‍കാന്‍ കഴിഞ്ഞതുകൊണ്ടാണ് വാട്ട്സാപ്പിന് ഇത്രയധികം സജീവമായ അംഗങ്ങളെ ലഭിച്ചതും, വേഗത്തിലുള്ള വളര്‍ച്ച നേടാനായതും”. ഏറ്റെടുക്കല്‍ വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള വാട്ട്സാപ്പ് ഇറക്കിയ ബ്ലോഗ് പോസ്റ്റ് വായിക്കാന്‍ ഈ ലിങ്ക് http://blog.whatsapp.com/index.php/2014/02/facebook സന്ദര്‍ശിക്കുക.
വാട്ട്‌സാപ്പിനെ ഫെയ്സ്ബുക്ക് ഏറ്റെടുത്തു എന്ന പ്രസ്താവനയുണ്ടായി മണിക്കൂറുകള്‍ക്കകം ഫെയ്സ്ബുക്ക് ഓഹരിക്ക് 5 ശതമാനം ഇടിവുണ്ടായി. ഇത്രയധികം വില നല്‍കി വാട്ട്‌സാപ്പിനെ ഏറ്റെടുത്തതില്‍ ഫെയ്സ്ബുക്കിന് നഷ്ടമുണ്ടാക്കില്ല എന്നാണ് ടെക് വിദഗ്ദ്ധന്മാര്‍ വിലയിരുത്തുന്നത്. കാരണം ഈയിടെയായി ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ സേനവങ്ങള്‍ വിട്ട് ആളുകള്‍ വാട്ട്‌സാപ്പ്, സ്നാപ്ചാറ്റ് തുടങ്ങിയ മൊബൈല്‍ അധിഷ്ഠിതമായ മെസ്സേജിങ്ങ് സേവനങ്ങളിലേക്ക് ചുവടുമാറ്റം തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഫെയ്സ്ബുക്ക് നടത്തിയ ഈ നീക്കം ഭാവി മനസിലാക്കിയുള്ള ഒരു മുതല്‍മുടക്കായാണ് വിലയിരുത്തപെടുന്നത്.