മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ഥാനത്തേക്ക് രണ്ട് ഇന്ത്യക്കാര്‍ പരിഗണനയില്‍

നിലവിലുള്ള സി.ഇ.ഒ സ്റ്റീവ് ബാമര്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്ന ഒഴിവിലേക്ക് മൈക്രോസോഫ്റ്റ് പുതിയ ആളെ തേടുന്നു. സത്യ നാദെല്ല, സുന്ദര്‍ പിച്ചയി എന്നീ രണ്ട് ഇന്ത്യക്കാര്‍ ആണ് പരിഗണന ലിസ്റ്റില്‍ ഉള്ളത്. സത്യ നാദെല്ലയെ സി.ഇ.ഒസ്ഥാനത്തേക്ക് നിയമിക്കാന്‍ മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനമായി എന്ന് Bloomberg റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് തൊട്ട്പിന്നാലെയാണ് മറ്റൊരു ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചയിയും അന്തിമ ലിസ്റ്റില്‍ ഉണ്ടെന്ന കാര്യം siliconangle.com ബ്ലോഗ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്.

Satya Nadella - Sundar Pichai

നിലവില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആന്‍റ് എന്റര്‍പ്രൈസിന്റെ എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റാണ് 47 കാരനായ ഇന്ത്യന്‍ അമേരിക്കനായ സത്യ നാദെല്ല. കഴിഞ്ഞ 20 വര്‍ഷമായി മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ട് സത്യ. ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലാണ് അദ്ദേഹം ജനിച്ചത്‌. ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള സണ്‍ സോഫ്‌റ്റ്വെയറില്‍ നിന്നും 1992ലാണ് ഇദ്ദേഹം മൈക്രോസോഫ്റ്റില്‍ ചേരുന്നത്. മാഗ്ലൂര്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഇദ്ദേഹം എഞ്ചിനീയറിങ്ങ് ബിരുദം നേടിയത്. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും എടുത്തിട്ടുണ്ട്. മൈക്രോസോഫ്റ്റ് കൗഡ് കംപ്യൂട്ടിങ്ങ് സ്റ്റോറേജ്, സ്‌കൈ ഡ്രൈവ്, സ്‌കൈപ്പ് എന്നിവയുടെ പൂര്‍ണ്ണ ചുമതല ഇദ്ദേഹത്തിനാണ്.

തമിഴ്‌നാട്ടില്‍ ജനിച്ച സുന്ദര്‍ , ഖരഗ്പൂര്‍ ഐ.ഐ.ടി.യില്‍ നിന്നാണ് സില്‍വര്‍ മെഡലോട് കൂടി ബിരുദം നേടിയത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേര്‍സിറ്റിയില്‍ നിന്ന് എം.എസ്., പെന്‍സില്‍വാനിയ യൂണിവേര്‍‌സിറ്റിയുടെ കീഴില്ലുള്ള വാര്‍ട്ടന്‍ സ്കൂളില്‍ നിന്നും എം.ബി.എ എന്നിവ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതകളാണ്. 2004 ല്‍ ഗൂഗിളില്‍ ചേര്‍ന്ന അദ്ദേഹം, ക്രോം ബ്രൗസറിന്റെയും ക്രോം ഒഎസിന്റെയും ചുമതലയാണ് വഹിച്ചിരുന്നത്. ആന്‍ഡി റൂബിന്‍ റോബോട്ടിക് പ്രൊജെക്റ്റിലേക്ക് മാറിയപ്പോള്‍, ആന്‍ഡ്രോയ്ഡിന്റെ ചുമതല ഗൂഗിള്‍ ഏല്‍പ്പിച്ചത് സുന്ദറിനെയാണ്.

മൈക്രസോഫ്റ്റിന്റെ 38 വര്‍ഷത്തെ ചരിത്രത്തിലെ മൂന്നാമത്തെ സി.ഇ.ഒ. ആയിരിക്കും ഇനി തിരഞ്ഞെടുക്കപ്പടുന്നയാള്‍. ബില്‍ഗേറ്റ്‌സ് ആയിരുന്നു ആദ്യ സി.ഇ.ഒ. അദ്ദേഹം ഒഴിഞ്ഞപ്പോള്‍ സ്റ്റീവ് ബാമറിനായി ചുമതല. അഞ്ചുമാസമായി പുതിയ സി.ഇ.ഒ.യെ കണ്ടെത്താനുള്ള തിരച്ചിലിലാണ് മൈക്രോസോഫ്റ്റ്. സുന്ദര്‍ പിച്ചയിക്കാണ് സി.ഇ.ഒ സ്ഥാനത്തേക്ക് കൂടുതല സാധ്യത.

Leave a Reply