പേപ്പര്‍ – വാര്‍ത്തകള്‍ വായിക്കാന്‍ ഫെയ്സ്ബുക്ക് ന്യൂസ് റീഡര്‍ ആപ്പ്

Posted on Jan, 31 2014,ByTechLokam Editor

ഫെയ്സ്ബുക്ക് ഒരു പുതിയ ആപ്പ് അവതരിപ്പിച്ചു, വാര്‍ത്തകള്‍ വായിക്കാനുള്ള ഒരു ന്യൂസ് റീഡര്‍ ആപ്പ് ആണിത്. പേപ്പര്‍ എന്നാണ് ഈ ആപ്പിന്റെ പേര്. ഫെബ്രുവരി 3 മുതല്‍ ന്യൂസ് റീഡര്‍ ആപ്പ് ഉപയോഗിക്കാം. തുടക്കത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിന് മാത്രമേ പേപ്പര്‍ ആപ്പ് ലഭിക്കൂ. ഫെയ്‌സ്ബുക്കിന്റെ 10മത് വാര്‍ഷികത്തില്‍ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് പുതിയ ഉല്‍പ്പന്നത്തെ കുറിച്ച് അറിയിച്ചത്.

Facebook News Reader App - Paper

സ്‌പോര്‍ട്‌സ്, ടെക്‌നോളജി, വിനോദം എന്നിങ്ങനെ പത്തൊമ്പതോളം വിഭാഗത്തിലെ നിങ്ങളുടെ കൂട്ടുകാര്‍ ഷെയര്‍ ചെയ്യുന്നതും, അല്ലാത്തതുമായ പ്രധാന വാര്‍ത്തകള്‍ ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും. ഫെയ്‌സ്ബുക്കിന്റെ ക്രിയേറ്റീവ് ലാബാസ് ആണ് ന്യൂസ് ആപ് തയ്യാറാക്കിയിരിക്കുന്നത്. ക്രിയേറ്റീവ് ലാബാസില്‍ നിന്നും പുറത്ത് വരുന്ന ആദ്യ ആപ്പാണ് പേപ്പര്‍. ഫെയ്സ്ബുക്ക് കമ്പനിക്ക് ഉള്ളിലെ ചെറിയ ഗ്രൂപ്പുകള്‍ക്ക് അവരുടെ ആശയങ്ങളില്‍ ഒരു സ്റ്റാര്‍ട്ട്‌-അപ്പ് കമ്പനിയെ പോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ഫെയ്സ്ബുക്കിന്റെ ഒരു സംരംഭമാണ് ക്രിയേറ്റീവ് ലാബാസ്.

Facebook News Reader App - Paper

Facebook News Reader App - Paper

മൊബൈല്‍ ഫോണുകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്ന പ്രമുഖ സോഷ്യല്‍ ആപ്ലിക്കേഷനായ ഫ്‌ളിപ്പ്‌ബോര്‍ഡിനോട് ഏറെക്കുറെ സാമ്യമുണ്ട് പേപ്പര്‍ ആപ്പിന്. ഉയര്‍ന്ന വ്യക്തതയില്‍ ഫോട്ടോകളും ഫുള്‍ സ്‌ക്രീന്‍ വീഡിയോയും ആപ് വഴി ഉപയോഗ്താക്കള്‍ക്ക് ആസ്വദിക്കാനാവും. ആപ്പിലൂടെ ഏത് ഉപയോഗ്താവിനും തങ്ങള്‍ക്കിഷ്ടപ്പെട്ട വിഭാഗം സബ്‌സ്‌ക്രൈബ് ചെയ്യാനാവും. ഈ വിഭാഗത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ആപ്പിന്റെ ഹോം പേജില്‍ തന്നെ പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് ആപ് തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ ഫെയ്‌സ്ബുക്ക് ടൈംലൈനിലേക്ക് ഈ വാര്‍ത്തകള്‍ വളരെ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാനും സാധിക്കും.

തുടക്കത്തില്‍ ഈ ആപ്പില്‍ പരസ്യം ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്‌. അമേരിക്കയ്ക്കു പുറമെയുള്ള രാജ്യങ്ങളില്‍ എന്നുമുതലാണ് ആപ്ലിക്കേഷന്‍ ലഭ്യമാകുകയെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഫെയ്സ്ബുക്കിനെ പുതിയ യുഗത്തിന്റെ ന്യൂസ്‌പേപ്പര്‍ ആക്കാനുള്ള സുക്കര്‍ബര്‍ഗിന്റെ ആഗ്രഹം സാക്ഷാത്കരിക്കുന്ന ഒരു ആപ്പ് ആണ് പേപ്പര്‍. പേപ്പര്‍ ആപ്പിനെ കുറിച്ച് കൂടുതലറിയാന്‍ ഈ ലിങ്ക് https://www.facebook.com/paper സന്ദര്‍ശിക്കുക.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക