ആംഗ്രി ബേഡ്സ് ഉള്‍പ്പെടെയുള്ള ജനപ്രിയ മൊബൈല്‍ ഗെയിമുകള്‍ നിങ്ങളുടെ വിവരങ്ങള്‍ എന്‍എസ്എ’ക്ക് ചോര്‍ത്താന്‍ അവസരം നല്‍കുന്നു

ആംഗ്രി ബേഡ്സ് ഉള്‍പ്പെടെയുള്ള ജനപ്രിയ മൊബൈല്‍ ഗെയിം അപ്ലിക്കേഷനുകള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ചാര സംഘടനയായ എന്‍.എസ്.എ, യുകെ സര്‍ക്കാര്‍ ചാര സംഘടനയായ ജി.സി.എച്.ക്യു (GCHQ) എന്നിവയ്ക്ക് ചോര്‍ത്താന്‍ അവസരം നല്‍കുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ (എന്‍എസ്എ) മുന്‍പ് ജോലി ചെയ്തിരുന്ന എഡ്വേര്‍ഡ് സ്‌നോഡെന്‍ ആണ് ഈ വിവരം പുറത്തുവിട്ടത്.

Angry Birds and other Mobile Gaming apps leaking your private information to NSA

സുരക്ഷിതമല്ലാത്ത രീതിയില്‍ ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ കൈമാറുന്ന മൊബൈല്‍ അപ്ലിക്കേഷനുകളില്‍ നിന്ന് നിങ്ങളുടെ വയസ്, ലോക്കേഷന്‍, ലിംഗം തുടങ്ങിയ വിവരങ്ങള്‍ എന്‍എസ്എ ചോര്‍ത്തുന്നുണ്ട്. ആംഗ്രി ബേഡ്സ്, സബ് വേ സഫര്‍ തുടങ്ങിയ ഗെയിം ആപ്പ്സ് ഇങ്ങനെ ഉള്ളവയാണ്.

പക്ഷേ ആംഗ്രി ബേഡ്സ് നിര്‍മ്മാതാക്കളായ റോവിയോ ഈ കാര്യം നിരസിച്ചു. റോവിയോ പറയുന്നത് ഇങ്ങനെയാണ് “തങ്ങള്‍ക്ക് ഇതിനെകുറിച്ച് മുന്‍കാല അറിവൊന്നും ഇല്ല. തേര്‍ഡ് പാര്‍ട്ടി പരസ്യ ശൃംഖല വഴി ഇങ്ങനെ നടക്കുന്നുണ്ടോ എന്നറിയില്ല. എന്‍.എസ്.എ, ജി.സി.എച്.ക്യു എന്നീ സംഘടനകളുമായി യാതൊരു ബന്ധവുമില്ല.”

ഇവര്‍ പറയുന്നതില്‍ യാതൊരു ന്യായവും ഇല്ല. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കാന്‍ തരത്തില്‍ സുരക്ഷിതമല്ലാത്ത അപ്ലിക്കേഷന്‍ ഉണ്ടാക്കുന്നവര്‍ തന്നെയാണ് കുറ്റക്കാര്‍. തങ്ങളുടെ ആപ്പ്സ് വഴി കൈമാറ്റ ചെയ്യപെടുന്ന വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് സുരക്ഷിതമാക്കുന്നതിനുള്ള മുന്‍കരുതല്‍ എടുക്കേണ്ട ചുമതല ആപ്പ് നിര്‍മ്മാതാവിന് തന്നെയാണ്.