മോട്ടറോള മൊബിലിറ്റിയെ ലെനോവ ഗൂഗിളില്‍ നിന്നും വാങ്ങുന്നു

അമേരിക്കന്‍ കമ്പനിയായ ‘മോട്ടറോള മൊബിലിറ്റി’യെ, ചൈനീസ് കമ്പനിയായ ലെനോവ 291 കോടി ഡോളറിന് ഗൂഗിളില്‍ നിന്നും വാങ്ങുന്നു. 1250 കോടി ഡോളര്‍ നല്‍കി 2011ലാണ് ഗൂഗിള്‍ മോട്ടറോളയെ ഏറ്റെടുത്തത്, താരതമ്യേന ചെറിയ തുകയ്ക്ക് ലെനോവയ്ക്ക് കൈമാറുന്നത് ഏവരും അതിശയത്തോടെയാണ് കാണുന്നത്. ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു മോട്ടറോളയുടേത്.

Lenovo to buy Motorola from Google

മോട്ടറോളയെ കൈമാറുമെങ്കിലും, കമ്പനിയുടെ പക്കലുണ്ടായിരുന്ന ഡസണ്‍ കണക്കിന് പ്രധാനപ്പെട്ട പേറ്റന്റുകള്‍ ഗൂഗിള്‍ തന്നെ സൂക്ഷിക്കും. മോട്ടറോള മൊബിലിറ്റി ബ്രാന്റും, ട്രേഡ്മാര്‍ക്കും കുറച്ച് പേറ്റന്റുകളും മാത്രമാണ് ലെനോവക്ക് ലഭിക്കുക. മോട്ടറോളയെ ഗൂഗിള്‍ ഏറ്റെടുത്തത് അവരുടെ മൊബൈല്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട പേറ്റന്റുകളില്‍ കണ്ണുവെച്ചായിരുന്നു. മോട്ടളോളയുടെ പക്കലുള്ള മൊബൈല്‍, സ്മാര്‍ട്ട്‌ഫോണ്‍ പേറ്റന്റുകളുടെ സഹായത്തോടെ, തങ്ങളുടെ ആന്‍ഡ്രോയ്ഡ് സംവിധാനം ശക്തിപ്പെടുത്താന്‍ കഴിഞ്ഞതായി ഗൂഗിള്‍ പറയുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിവിധ കമ്പനികള്‍ തമ്മില്‍ പേറ്റന്റ് യുദ്ധം മുറുകുന്ന സാഹചര്യത്തില്‍ , ആന്‍ഡ്രോയ്ഡ് നേരിടുന്ന വെല്ലുവിളികളുടെ ആക്കംകുറയ്ക്കാനാണ് മോട്ടറോളയെ ഗൂഗിള്‍ സ്വന്തമാക്കിയത്. മോട്ടറോളയുടെ പക്കലുള്ള പേറ്റന്റുകളാണ് തങ്ങളെ ആകര്‍ഷിച്ചതെന്ന് ഗൂഗിള്‍ തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

മോട്ടറോളയെ സ്വന്തമാക്കുന്നതോടെ, സാംസങ്ങും ആപ്പിളും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവായി ലെനോവ മാറും. ഇതുവഴി സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗം ശക്തിപ്പെടുത്താനും വിപണിയില്‍ കൂടുതല്‍ മേല്‍കൈ നേടാനും മോട്ടറോള വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. മോട്ടോറോളയെ ഏറ്റെടുത്തത് വഴി ഗൂഗിളിന് വളരെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

Leave a Reply