ആകാശത്തും ഇനി ഇന്റര്‍നെറ്റ്; എയര്‍ ഇന്ത്യ അവരുടെ വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും

Posted on Jan, 27 2014,ByTechLokam Editor

വിമാനയാത്രയിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയുമായി എയര്‍ ഇന്ത്യ. ഇത് നടപ്പിലാവുകയണേല്‍ ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന വിമാന സര്‍വീസാകും എയര്‍ ഇന്ത്യ. ആഭ്യന്തര- രാജ്യാന്തര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വലുതും ചെറുതും ബോഡിയുള്ള വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താനാണ് എയര്‍ ഇന്ത്യ ആലോചിക്കുന്നത്.

Internet on Air India Aircrafts

ഈ സേവനം ഉപയോഗിക്കുന്നതിന് ഒരു ചെറിയ ഫീസ്‌ ഈടാക്കുന്നതാണ്. വൈഫൈ വഴിയാകും വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ലഭിക്കുക. ഇതിന്റെ സാങ്കേതിക വശങ്ങള്‍ നിരീക്ഷിക്കുന്നതിനും, ലാഭകരമായ രീതിയില്‍ വിമാനത്തില്‍ വൈഫൈ കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും വേണ്ടി എയര്‍ ഇന്ത്യയിലെ മികച്ച ഉദ്യോഗസ്ഥന്‍മാരടങ്ങുന്ന ഒരു പാനല്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍ രോഹിത്ത് നന്ദന്‍ രൂപീകരിച്ചിട്ടുണ്ട്.

പദ്ധതി നടപ്പിലാക്കുന്നതിനായി ഫ്രഞ്ച് കമ്പനി തെയ്ല്‍സ് ഓഫ് ഫ്രാന്‍സിനെ സമീപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. വിമാനത്തില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയറും, ഹാര്‍ഡ്‌വെയറും നല്‍കുന്ന ലോകത്തെ ഏക കമ്പനിയാണ് തെയ്ല്‍സ് ഓഫ് ഫ്രാന്‍സ്. സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, എമിരേറ്റ്സ് തുടങ്ങിയ വിമാന കമ്പനികള്‍ നിലവില്‍ അവരുടെ വിമാനത്തില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നുണ്ട്. മിക്കവരും ഇതിന് ഫീസും ഈടാക്കുന്നുണ്ട്. വിമാന കമ്പനികള്‍ക്ക് ഈ സേവനം അത്ര ലാഭകരമല്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക