ബംഗളൂരു ഇനിമുതല്‍ സൗജന്യ വൈഫൈ നഗരം

Posted on Jan, 25 2014,ByTechLokam Editor

സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യന്‍ നഗരമെന്ന ഖ്യാതി ഇന്ത്യയുടെ പൂന്തോട്ട നഗരമായ ബംഗളൂരിന്. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കാനാണ് കര്‍ണാടക ഐടി വകുപ്പിന്റെ ലക്ഷ്യം.

Free wifi in bangalore

സൗജന്യ വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 എംബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനും മാത്രമേ സാധിക്കൂ. പരീക്ഷണമെന്ന നിലയിലാണ് നിലവില്‍ പദ്ധതി അഞ്ചിടങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈഫൈ സര്‍വീസ് പ്രൊവൈഡറായ ഡി വോയിസാണ് ഐടി വകുപ്പിനായി പദ്ധതി നടപ്പിലാക്കുന്നത്. ഒരേ സമയം 2,000 പേര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം എന്നാണ് കര്‍ണ്ണാടക ഐടി അധികൃതര്‍ പറയുന്നത്. 512 കെബിപിഎസ് ആണ് വൈഫൈയുടെ കുറഞ്ഞ വേഗത.

സുരക്ഷിതമായ രീതിയിലാണ് സൗജന്യ വൈഫൈ സൗകര്യം നല്‍കുക എന്ന് കര്‍ണാടക ഐടി വകുപ്പ് സെക്രട്ടറി ശ്രീവാസ്വ കൃഷ്ണ പറഞ്ഞു. ആരാണ് വൈഫൈ ഉപയോഗിക്കുന്നതെന്നും എന്താണ് ഡൗണ്‍ലൗഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി ഒരു കേന്ദ്രീകൃത സെര്‍വറില്‍ സൂക്ഷിച്ചുവെക്കും. മാത്രമല്ല വൈഫൈ ലഭ്യമാക്കിയിട്ടുള്ള ഇടങ്ങളില്‍ എച്ച്ഡി ക്യാമറകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. വൈഫൈമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അറിയിക്കാന്‍ 1800 123 9636 എന്ന ടോള്‍ ഫ്രീ നമ്പര്‍ വിളിച്ചാല്‍ മതി.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക