വിന്‍ഡോസ് എക്സ്പിയുടെ അവസാനം ലോകത്തെ 95 ശതമാനം എടിഎമ്മുകളെയും ബാധിക്കും

ലോകത്തെ 95 ശതമാനം എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നത് മൈക്രോസോഫ്റ്റിന്റെ 12 വര്‍ഷം പഴക്കമുള്ള വിന്‍ഡോസ് എക്സ്പി ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ്. ഈ വരുന്ന ഏപ്രില്‍ 8ന് വിന്‍ഡോസ് എക്സ്പിക്ക് നല്‍കുന്ന സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കും. അതായത് സുരക്ഷ അപ്ഡേറ്റുകള്‍ ഒന്നും ഏപ്രില്‍ 8ന് ശേഷം മൈക്രോസോഫ്റ്റില്‍ നിന്നും ലഭിക്കുകയില്ല. അതിനാല്‍ വിന്‍ഡോസ് 7 അല്ലെങ്കില്‍ വിന്‍ഡോസ് 8 ലേക്ക് മാറുകയല്ലാതെ വേറെ വഴിയില്ല. എക്സിപിയുടെ ചില എംബഡഡ് പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സപ്പോര്‍ട്ട് 2016 വരെ ലഭിക്കും.

Microsoft Windows XP in ATM

എക്സ്പിയുടെ സപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. രണ്ട് മൂന്ന് തവണ സമയപരിധി നീട്ടുകയും ചെയ്തു. ഇനി ഏപ്രില്‍ 8 വരെ മാത്രമേ സപ്പോര്‍ട്ട് ലഭിക്കൂ. പക്ഷേ കുറച്ച് ശതമാനം എടിഎം മെഷീനുകള്‍ മാത്രമേ ഏപ്രില്‍ 8 ആകുമ്പോഴേക്കും വിന്‍ഡോസ് 7/8 ലേക്ക് അപ്ഗ്രേഡ് ആവുകയുള്ളൂ. മൈക്രോസോഫ്റ്റില്‍ നിന്നും കസ്റ്റം സപ്പോര്‍ട്ട് കോണ്ട്രാക്റ്റിന് വേണ്ടി ചില എടിഎം കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. വിന്‍ഡോസ് 7 ഇമ്പ്ലിമെഎന്റേഷന് മുന്‍പ് ഒരു വര്‍ഷത്തേക്ക് കൂടി സപ്പോര്‍ട്ട് കോണ്ട്രാക്റ്റ് നീട്ടാന്‍ ശ്രമിക്കുന്ന കമ്പനികളില്‍ ഒന്നാണ് ജെപിമോര്‍ഗന്‍ .

പുതിയ ഒഎസിലേക്ക് മാറാന്‍ മിക്ക എടിഎമ്മുകള്‍ക്കും ഹാര്‍ഡ്‌വെയര്‍ അപ്ഗ്രേഡ് വേണ്ടിവരും. പക്ഷേ ചില എടിഎമ്മുകള്‍ മുഴുവനായി മാറ്റേണ്ടി വരും പുതിയ ഒഎസില്‍ പ്രവര്‍ത്തിക്കാന്‍. ഇതിന് വേണ്ടി ബാങ്കുകള്‍ക്ക് വളരെയധികം കാശ് ചിലവാക്കേണ്ടിവരും. വിന്‍ഡോസ് എക്സ്പി മാറി പുതിയ ഒഎസിലേക്ക് മാറുന്നതോട് കൂടി എടിഎമ്മുകളില്‍ പുതിയ പല സവിശേഷതകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിന് മൈക്രോസോഫ്റ്റിനോട് നന്ദി പറഞ്ഞെ പറ്റൂ. കാരണം മൈക്രോസോഫ്റ്റ് ഇങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍ ബാങ്കുകള്‍ ഇപ്പോളും കാലഹരണപ്പെട്ട എടിഎമ്മും ഒസും മാറ്റാന്‍ യാതൊരു നടപടികളും സ്വീകരിക്കില്ലായിരുന്നു.