വിക്കിപീഡിയ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

Posted on Jan, 20 2014,ByTechLokam Editor

വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. അലക്സാ റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന വിക്കിപീഡിയയുടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 10 ശതമാനം കുറവ് വന്നതായാണ് റിപ്പോര്‍ട്ട്.

wikipedia

2012 ഡിസംബര്‍ മുതല്‍ 2013 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഈ ഇടിവ് സംഭവിച്ചത്. ഇംഗ്ലീഷ് പതിപ്പില്‍ 12 ശതമാനവും, ജര്‍മന്‍ പതിപ്പില്‍ 17 ശതമാനവും, ജപ്പാനീസ് പതിപ്പില്‍ 9 ശതമാനവും സന്ദര്‍ശകരുടെ ഇടിവ് ഉണ്ടായിട്ടുണ്ട്.

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും വിക്കിപീഡിയയുടെ തമിഴ് ഒഴികെയുള്ള ഇന്ത്യന്‍ ഭാഷ പതിപ്പുകള്‍ക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിക്കി ബംഗാളി പതിപ്പില്‍ 46 ശതമാനവും, ഹിന്ദി പതിപ്പില്‍ 36 ശതമാനവും, മറാത്തി പതിപ്പില്‍ 4 ശതമാനവും സന്ദര്‍ശകരുടെ എണ്ണം കൂടിയിട്ടുണ്ട്.

ഗൂഗിളിന്‍റെ തിരച്ചില്‍ സംവിധാനത്തില്‍ വന്ന ഗൂഗിള്‍ നോളേജ് ഗ്രാഫ് എന്ന സേവനം ആണ് സന്ദര്‍ശകരുടെ കുറവിന് പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നത്. ഇതിനാല്‍ ഭാവിയിലും സന്ദര്‍ശകരെ ഗൂഗിള്‍ കവര്‍ന്നെടുക്കും എന്ന ആശങ്ക നിലനില്‍ക്കുന്നതായി വിക്കി വൃത്തങ്ങള്‍ പറയുന്നു. അതിനായി കാര്യമായ മാറ്റങ്ങളാണ് വിക്കി ആലോചിക്കുന്നത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക