സോഷ്യല്‍ മീഡിയ സേവങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും: സുശീല്‍കുമാര്‍ ഷിന്‍ഡെ

Posted on Jan, 18 2014,ByTechLokam Editor

ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ ദുരുപയോഗം തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലെ പോസ്റ്റുകളും ചിത്രങ്ങളും നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

Social media restriction

സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ വഴി വര്‍ഗീയ കലാപത്തിന് കാരണമാകും വിധം പ്രകോപനപരമായ ചിത്രങ്ങളും, സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് തടയാന്‍ ഒരു നിരീക്ഷണ സംവിധാനം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഷിന്‍ഡെ വ്യക്തമാക്കി. പാട്നയില്‍ ഒരു ഹിന്ദി ദിനപത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്കില്‍ പ്രകോപനപരമായ പോസ്റ്റുകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ഓഫീസിലിരുന്ന് താന്‍ കണ്ടിട്ടുണ്ട് എന്നും, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി ചില വ്യാജപ്രചാരങ്ങളുണ്ടായപ്പോള്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കുമ്പോള്‍, അത് നിരീക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക