ഗൂഗിള്‍ സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ് മതി ഇനി രക്തത്തിലെ ഗ്ലുക്കോസ് നില പരിശോധിക്കാന്‍

Posted on Jan, 18 2014,ByTechLokam Editor

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാന്‍ സഹായിക്കുന്ന ഒരു സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ് ഗൂഗിള്‍ നിര്‍മ്മിക്കുന്നു. ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ പദ്ധതി, ഗൂഗിള്‍ ഗ്ലാസ് തുടങ്ങി വിസ്മയകരമായ പ്രൊജെക്റ്റുകള്‍ പിറവിയെടുത്ത ഗൂഗിള്‍ എക്സ് ലാബില്‍ തന്നെയാണ് സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സിന്റെയും പിറവി. കോണ്‍ടാക്ട് ലെന്‍സിന്റെ വിവരങ്ങള്‍ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിള്‍ വെളിപെടുത്തിയത്.

Google Smart Contact Lens

ഗ്ലുക്കോസ് അളവ് പരിശോധിക്കാന്‍ കണ്ണീരാണ് ഇവിടെ ഉപയോഗിക്കുന്നത്. കണ്ണീര്‍ എപ്പോഴും കിട്ടില്ല എന്നത്, ഈ ശരീരദ്രവമുപയോഗിച്ച് പരിശോധന നടത്തുന്നതിന്റെ പരിമിതിയാണ്. അതെങ്ങനെ തരണംചെയ്യുമെന്ന് ഗൂഗിള്‍ പറഞ്ഞിട്ടില്ല.

തളള വിരലിന്റെ അഗ്രഭാഗത്തിന്റെ അത്രയും ചെറിയ ലെന്‍സാണിത്. തീരെ ചെറിയ വയര്‍ലെസ് ചിപ്പാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ചെറിയൊരു ഗ്ലൂക്കോസ് സെന്‍സറുമുണ്ട്. ലെന്‍സും ഗ്ലൂക്കോസ് സെന്‍സറും ലെന്‍സിലെ രണ്ട് പാളികള്‍ക്കിടയില്‍ സ്ഥാപിച്ചിരിക്കുന്നു. ഗ്ലൂക്കോസ് നില പരിധിക്കപ്പുറത്തായാല്‍ അത് തിരിച്ചറിയാനായി ലെന്‍സില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സന്നിവേശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ പറയുന്നു.

രക്തത്തിലെ ഗ്ലൂക്കോസ് അളവ് പരിശോധിക്കാന്‍ ഇനി ലാബില്‍ പോകേണ്ടി വരില്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതുവഴി സൂചിയുടെ വേദനയില്ലാതെ നമ്മുക്ക് രക്ത പരിശോധന സാധ്യമാകും. പക്ഷേ, പുതിയ പരിശോധനാമാര്‍ഗം സാങ്കേതിമായി ദൈനംദിന ഉപയോഗത്തില്‍ എത്താന്‍ ഇനിയും ഏറെ മുന്നേറാനുണ്ട്. ഭൂമുഖത്ത് ഏറ്റവുമധികം വ്യാപിക്കുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. ലോകത്ത് 19 പേരില്‍ ഒരാള്‍ക്ക് ഈ രോഗമുണ്ട്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ നില നിയന്ത്രണത്തില്‍ നിര്‍ത്തണമെങ്കില്‍ രക്തപരിശോധന കൂടിയേ തീരൂ.

കോണ്‍ടാക്ട് ലെന്‍സിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ഗൂഗിള്‍ അറിയിച്ചു. ഇതിന്റെ പ്രവര്‍ത്തന രീതി മറ്റു വിവരങ്ങള്‍ എന്നിവ ഗൂഗിള്‍ പുറത്ത് വിട്ടിട്ടില്ല. യുഎസ് ഫുഡ് ആന്റ് ഡ്രഗ്‌സ് അഡിമിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചാലെ ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണം സാധ്യമാകൂ. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും വെളിപെടുത്താന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക