മിനിറ്റില്‍ 7000 ടിക്കറ്റ്‌ ബുക്കിങ്ങ് നടത്താന്‍ ശേഷിയുള്ള ഐആര്‍സിടിസിയുടെ പുതിയ വെബ്സൈറ്റ് വരുന്നു

Posted on Jan, 16 2014,ByTechLokam Editor

ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഐആര്‍സിടിസി ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്കിങ്ങിനായി പുതിയ വെബ്സൈറ്റ് ആരംഭിക്കുന്നു. 2014 ഏപ്രില്‍ അവസാന വാരത്തില്‍ ഈ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമാകും എന്നാണ് കരുതുന്നത്. തിരക്കുള്ള സമയത്തും ഓണ്‍ലൈനില്‍ റെയില്‍വേ ടിക്കറ്റ് ബുദ്ധിമുട്ടില്ലാതെ എടുക്കാനുള്ള മാറ്റങ്ങളുമായാണ് പുതിയ വെബ്സൈറ്റ് വരുന്നത്.

irctc

നിലവില്‍ മിനിറ്റില്‍ രണ്ടായിരം പേര്‍ക്ക് ടിക്കറ്റ് ബുക്കുചെയ്യാനുള്ള സൗകര്യമേ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ഉള്ളൂ. പുതിയ വെബ്സൈറ്റ് വരുന്നതോടെ മിനിറ്റില്‍ 7000 പേര്‍ക്ക് ടിക്കറ്റ്‌ ബുക്ക് ചെയ്യാന്‍ കഴിയും. ഇതിനായി പുതിയ ഹാര്‍ഡ്‌വേര്‍, സോഫ്റ്റ്‌വേര്‍, ഡാറ്റാ സെന്റര്‍ എന്നിവയെല്ലാം തയ്യാറായിക്കഴിഞ്ഞു.

ഓണ്‍ലൈന്‍ തല്‍ക്കാല്‍ ബുക്കിങ്ങ് ആരംഭിക്കുന്നത് രാവിലെയാണ് ഈ സമയത്ത് തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് സന്ദര്‍ശിക്കുന്നത്. ഈ സമയത്ത് ഏകദേശം പത്തുമുതല്‍ 12 ലക്ഷം സന്ദര്‍ശകര്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ സൈറ്റ് പലപ്പോഴും പ്രവര്‍ത്തനരഹിതമാകുന്നുവെന്ന് സ്ഥിരം പരാതിയുണ്ട്. ഈ പ്രശനങ്ങള്‍ എല്ലാം പരിഹരിച്ചിട്ടുള്ളതായിരിക്കും പുതിയ വെബ്സൈറ്റ്.

ഈ സൈറ്റില്‍ ടിക്കറ്റ് ബുക്ക്‌ചെയ്യല്‍ കൂടുതല്‍ എളുപ്പവുമാകും. വെബ്‌സൈറ്റിന്റെ രൂപകല്‍പ്പന അവസാനഘട്ടത്തിലാണെന്നും സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരീക്ഷിച്ചുവരികയാണെന്നും പരീക്ഷണങ്ങള്‍ വിജയമാണെന്നും അവസാന മിനുക്കുപണികളാണ് നടക്കുന്നതെന്നും ഐ.ആര്‍.സി.ടി.സി അധികൃതര്‍ പറഞ്ഞു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക