ഇബേ വഴി വാങ്ങുന്ന സാധനങ്ങള്‍ ഇനിമുതല്‍ 9 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും

Posted on Jan, 16 2014,ByTechLokam Editor

പ്രമുഖ ഇകൊമേഴ്സ് പോര്‍ട്ടലായ ഇബേ വഴി വാങ്ങുന്ന സാധനങ്ങള്‍ ഇനി വെറും 9 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും. ഇന്ത്യയില്‍ മുംബൈയിലാണ് ഇബേ ഈ പദ്ധതി ആരംഭിച്ചത്. എല്ലാ ഉത്പന്നങ്ങളും ഈ സേവന പരിതിയില്‍ വരില്ല, തെരഞ്ഞെടുക്കപ്പെട്ട ടെക്നോളജി ഉത്പന്നങ്ങളാകും ഇതു പ്രകാരം എത്തിക്കുക.

ebay 9 hours delivery

മൊബൈല്‍ഫോണുകള്‍, ലാപ് ടോപ്, ഡിജിറ്റല്‍ ക്യാമറ, ടാബ്ലെറ്റ്സ് തുടങ്ങിയവയുടെ വില്‍പ്പനയാകും പദ്ധതിക്കു കീഴില്‍ വരിക. ഉച്ചയ്ക്കു 12നു മുന്‍പു ബുക്ക് ചെയ്യുന്ന ഉത്പന്നങ്ങള്‍ രാത്രി ഒമ്പതിനു മുന്‍പ് ആവശ്യക്കാരില്‍ എത്തിക്കുന്നതാണു പദ്ധതി. ഇതിന് അ‍ഡീഷണല്‍ ഷിപ്പിങ് ചാര്‍ജോ ഫീസോ ഇല്ലെന്നും കമ്പനി അറിയിച്ചു. മുബൈ നിവാസികള്‍ക്ക് ഈ സേവനം ലഭ്യമാകാന്‍ www.ebay.in/Mumbai വിലാസത്തില്‍ ഒരു വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്.

ഒമ്പതു മണിക്കൂര്‍ ഡെലിവറി സംവിധാനം ഉപഭോക്താക്കള്‍ക്ക് മികച്ചതും വളരെ വേഗതയേറിയതുമായ ഒരു ഷോപ്പിങ്ങ് അനുഭവമായിരിക്കും നല്‍കുക. ഇന്ത്യയിലെ മറ്റു നഗരങ്ങളിലും അധികം താമസിയാതെ ആരംഭിക്കുമെന്നും ഇബേ ഇന്ത്യയുടെ ബിസിനസ്‌ തലവന്‍ വിദ്മയി നൈനി പറഞ്ഞു. ഇന്ത്യന്‍ കമ്പനിയായ ഫ്ലിപ്പ്കാര്‍ട്ടും സമാനമായ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. ഈ സേവനം ബുക്ക് ചെയ്ത് ഒരു ദിവസത്തിനുള്ളിലാണ് ഡെലിവറി വാഗ്ദാനം ചെയ്യുന്നത്. പക്ഷേ ഇതിന് ഷിപ്പിങ് ചാര്‍ജായി 90 രൂപ അധികം ഫ്ലിപ്പ്കാര്‍ട്ട് ഈടാക്കുന്നുണ്ട്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക