അരവിന്ദ് കെജ്‌രിവാള്‍ റിച്ചാള്‍ഡ് സ്റ്റാള്‍മാനുമായി ചര്‍ച്ച നടത്തി – ഡല്‍ഹി സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക്

ഡല്‍ഹി സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു ചേക്കേറുന്നു. അരവിന്ദ് കെജ്‌രിവാള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപജ്ഞാതാവ് റിച്ചാള്‍ഡ് സ്റ്റാള്‍മാനുമായി പ്രാരംഭ ചര്‍ച്ച നടത്തി. കേരള പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മുന്‍ ഐ.ടി. ഉപദേഷ്ടാവ് ജോസഫ് സി. മാത്യുവിന്റെ സാന്നിധ്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച.

Kejriwal discussions with Richard Stallman

ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തി തിരിച്ചറിഞ്ഞതായി കൂടിക്കാഴ്ചക്ക് ശേഷം ജോസഫ് സി. മാത്യു പറഞ്ഞു. ഡല്‍ഹിയിലെ ഭരണ സംവിധാനത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ഡല്‍ഹി സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ആദ്യഘട്ടമായി വിദ്യാഭ്യാസരംഗത്ത് പദ്ധതി നടപ്പാക്കാനാണ് ആലോചന. വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയയുമായും സ്റ്റാള്‍മാന്‍ ചര്‍ച്ച നടത്തി.

ചില്ലറ വില്‍പ്പന മേഖലയില്‍ കുത്തകളെ അനുവദിക്കില്ലെന്ന കെജ്‌രിവാളിന്റെ പ്രഖ്യാപനത്തിന്റെ തൊട്ടുപിന്നാലെയാണ് സ്റ്റാള്‍മാനുമായി ചര്‍ച്ച നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ആം ആദ്മി പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം തന്റെ ആശയങ്ങളുമായി യോജിച്ചു പോകുന്നതാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം സ്റ്റാള്‍മാന്‍ പറഞ്ഞു.