ആരണ്‍ സ്വാര്‍ട്‌സിനോടുള്ള ആദര സൂചകമായി എംഐടി സര്‍വ്വകലാശാല വെബ്സൈറ്റ് അനോണിമസ് ഹാക്കിങ്ങ് ഗ്രൂപ്പ് ഹാക്ക് ചെയ്തു

സോഫ്റ്റ്‌വെയര്‍ വികസനം, എഴുത്തുകാരന്‍, ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റ്‌ എന്നീ നിലകളില്‍ പ്രശസ്തനായ ആരണ്‍ സ്വാര്‍ട്‌സിനോടുള്ള ബഹുമാന സൂചകമായി എംഐടി സര്‍വ്വകലാശാല വെബ്സൈറ്റ് പ്രശസ്ത ഹാക്കിങ്ങ് ഗ്രൂപ്പായ അനോണിമസ് ഹാക്ക് ചെയ്തു.

ഡിജിറ്റല്‍ ലൈബ്രറിയായ ജെസ്‌റ്റോറില്‍ നിന്നും 40 ലക്ഷത്തോളം അക്കാദമിക് പ്രബന്ധങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പൊതുജനങ്ങള്‍ക്ക് സൗജന്യമായി ആരണ്‍ വിതരണം ചെയ്തിരുന്നു. കേസില്‍ വിചാരണ തുടങ്ങാനിരിക്കെ ഇരുപത്തിയാറാം വയസ്സില്‍ അദ്ദേഹം ആത്മഹ്യ ചെയ്തു. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിന് ദീര്‍ഘകാലം തടവില്‍ കഴിയേണ്ടി വരുമായിരുന്നു.

Aaron Swartz

അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികമായിരുന്നു 2014 ജനുവരി 11ന്. ഈ ദിവസം തന്നെ അനോണിമസ് ഹാക്കിങ്ങ് ഗ്രൂപ്പ് മസ്സാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വെബ്സൈറ്റിന്റെ സബ്ഡൊമൈന്‍ http://cogen.mit.edu ഹാക്ക് ചെയ്തു.

“THE DAY WE FIGHT BACK” എന്നായിരുന്നു ഹാക്ക് ചെയ്ത വെബ്സൈറ്റില്‍ അവര്‍ നല്‍കിയ തലവാചകം. “Remember The Day We Fight Back, Remember. We Never Forget, We Never Surrender, Expect Us.” എന്ന സന്ദേശവും ഹക്കിങ്ങിനിരയായ വെബ്സൈറ്റില്‍ അവര്‍ നല്‍കിയിരുന്നു.

MIT website hacked to pay tribute to Aaron Swartz

ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങളെ ആവശ്യക്കാരിലേക്കെത്തിക്കുന്ന വെബ് ഫീഡ് ഫോര്‍മാറ്റിന്റെ വിഭാഗമായ RSS 1.0 രൂപകല്‍പ്പനയിലെ നിര്‍ണ്ണായക വ്യക്തിയായിരുന്നു ആരണ്‍ സ്വാര്‍ട്‌സ്. 14 വയസ്സിലാണ് ആരണ്‍ ആര്‍എസ്എസ് 1.0 രൂപകല്‍പ്പന ചെയ്തത്. സോഷ്യല്‍ ന്യൂസ് വെബ്‌സൈറ്റായ റെഡ്ഡിറ്റിന്റെയും, പകര്‍പ്പവകാശ അനുമതിപത്രങ്ങള്‍ ലാഭേച്ഛയില്ലാതെ നല്‍കുന്ന ക്രിയേറ്റീവ് കോമണ്‍സ്ന്റെയും, സ്ഥാപകരില്‍ ഒരാളായ ആരണ്‍ ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ സൗജന്യമായി ലഭ്യമാക്കാന്‍വേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനാണ്.