നെസ്റ്റ് ലാബ്‌സ് വാങ്ങാന്‍ തയ്യാറായി ഗൂഗിള്‍ വില 320 കോടി ഡോളര്‍

കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ലാബ്‌സ് എന്ന ഹോം ഓട്ടോമോഷന്‍ കമ്പനിയെ വാങ്ങാനൊരുങ്ങി ഗൂഗിള്‍. 320 കോടി ഡോളറിനായിരിക്കും ഏറ്റെടുക്കല്‍ നടക്കുക. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് ഗൂഗിള്‍ അറിയിച്ചു.

Nest Labs thermostat

വീടുകളില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് തെര്‍മോസ്റ്റും സ്‌മോക്ക് അലാറവുമാണ് നെസ്റ്റ് ലാബ്‌സിന്റെ പ്രധാനപ്പെട്ട ഉത്പന്നങ്ങള്‍. ആപ്പിളിന്റെ ജനപ്രിയ മ്യൂസിക് പ്ലെയറായ ഐപോഡിന്റെ പിതാവെന്നറിയപെടുന്ന ടോണി ഫാഡല്‍ സിഇഒ ആയുള്ള ഒരു തുടക്ക കമ്പനിയാണ് നെസ്റ്റ് ലാബ്‌സ്. ഏറ്റെടുക്കലിന് ശേഷവും ടോണി ഫാഡല്‍ തല്‍സ്ഥാനത്ത് തുടരുമെന്നും ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ലാറി പേജ് പറഞ്ഞു. ആപ്പിളിലെ മുന്‍ എക്‌സിക്യൂട്ടീവുകളായ ടോണി ഫാഡലും മാറ്റ് റേജേഴ്‌സും ചേര്‍ന്ന് 2010ലാണ് നെസ്റ്റ് ലാബ്‌സ് സ്ഥാപിച്ചത്.

ഗൂഗിളിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണിത്. 2011ഇല്‍ മോട്ടോറോള മൊബിലിറ്റിയെ 1250 കോടി ഡോളറിന് ഏറ്റെടുത്തതാണ് ഗൂഗിളിന്റെ ഏറ്റവും വലിയ ഏറ്റെടുക്കല്‍. കഴിഞ്ഞ മാസം റോബോട്ട് നിര്‍മ്മാതാക്കളായ ബോസ്റ്റണ്‍ ഡൈനാമിക്‌സിനെ ഗൂഗിള്‍ വാങ്ങിയിരുന്നു. വീടുകളിലേക്കും ഗൂഗിളിന്റെ കണ്ണെത്തുന്നു എന്നാണ് നെസ്റ്റ് ലാബ്സ്ഏറ്റെടുക്കല്‍ വ്യക്തമാക്കുന്നത്.

Leave a Reply