അള്‍ട്രാ എച്ച്ഡി വീഡിയോയുമായി യുട്യൂബ് വരുന്നു

Posted on Jan, 07 2014,ByTechLokam Editor

അള്‍ട്രാ എച്ച്ഡി ക്വാളിറ്റിയുള്ള വീഡിയോകള്‍ ഉപയോഗ്താക്കള്‍ക്ക് മുന്നിലെത്തിക്കാന്‍ യൂട്യൂബ് തയ്യാറെടുക്കുന്നു. ലാസ് വെഗാസില്‍ വെച്ച് നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ (CES 2014) വെച്ചായിരിക്കും പുതിയ സംവിധാനം യുട്യൂബ് അവതരിപ്പിക്കുക. നിലവില്‍ 1080 പിക്‌സലാണ് (എച്ച്ഡി) യൂട്യൂബിലെ വീഡിയോകളുടെ പരമാവധി ക്വാളിറ്റി. അള്‍ട്രാ എച്ച്ഡി വഴി ഇത് 4000 പിക്‌സല്‍ റെസല്യൂഷനിലേക്ക് ഉയരും. വിപി9 എന്ന പുതിയ വീഡിയോ ഫോര്‍മാറ്റ്‌ വഴിയാണ് യുട്യൂബ് ഇത് സാധ്യമാക്കുക.

youtube

2010ല്‍ ഗൂഗിള്‍ അവതരിപ്പിച്ച വിപി8ന്റെ തുടര്‍ച്ചയാണിത്. നിലവിലെ ഇന്റര്‍നെറ്റ് കണക്ഷനില്‍ നിന്നും കാര്യമായ മാറ്റങ്ങളില്ലാതെ തന്നെ അള്‍ട്രാ എച്ച്ഡി ദൃശ്യങ്ങള്‍ ആസ്വദിക്കാനാകുമെന്നതും ഇതിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. വിപി9 സാങ്കേതിക വിദ്യയിലൂടെ ബിറ്റ് റേറ്റില്‍ കുറവ് വരുത്തി ഹൈ ഡെഫനിഷന്‍ വീഡിയോയുടെ പകുതി ഡേറ്റാ ഉപയോഗത്തില്‍ സാധ്യമാകുമെന്നാണ് യൂട്യൂബ് അവകാശപ്പെടുന്നത്. ഇതോടെ ബഫറിങ്ങിനും കുറവ് വരുത്താന്‍ സാധിക്കുമെന്നും യൂട്യൂബ് അവകാശപ്പെടുന്നു.

എല്‍.ജി, പാനസോണിക്ക്, സോണി, ഇന്റല്‍ തുടങ്ങി 19 ഓളം നിര്‍മ്മാതാക്കളുമായി 4 കെ ദൃശ്യങ്ങള്‍ പകര്‍ത്താനാവുന്ന ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഗൂഗിള്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഏറെ വൈകാതെ എച്ച്.ഡി വീഡിയോകളേക്കാള്‍ സാധാരണമാകും അള്‍ട്രാ എച്ച്.ഡി ദൃശ്യങ്ങള്‍ എന്ന സൂചനയാണ് യുട്യൂബ് അധികൃതര്‍ നല്‍കുന്നത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക