വോട്ടര്‍പട്ടിക ഓണ്‍ലൈനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൂഗിളുമായി കൈകോര്‍ക്കുന്നു.

Posted on Jan, 02 2014,ByTechLokam Editor

വോട്ടര്‍പട്ടിക ഓണ്‍ലൈനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളുമായി കൈകോര്‍ക്കുന്നു. ജനുവരി രണ്ടാം വാരത്തോടെ യാഥാര്‍ത്ഥ്യമാകുന്ന പദ്ധതിയുടെ കാലാവധി അടുത്ത ജൂണ്‍ വരെയാണ്.

Google

വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാനും പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തങ്ങളുടെ വോട്ടര്‍പട്ടികയിലെ അംഗത്വ നമ്പര്‍ പരിശോധിക്കാനും ഗൂഗിള്‍ സൗകര്യമൊരുക്കും. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ വോട്ടര്‍ക്ക് തങ്ങളുടെ ബൂത്ത് കണ്ടെത്താനും സംവിധാനമൊരുക്കും.

പദ്ധതി നടപ്പിലാകുന്നതോടെ വോട്ടര്‍ക്ക് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ തങ്ങളുടെ പേര്/ഇപിഐസി നമ്പര്‍, വിലാസം എന്നിവ ടൈപ് ചെയ്താല്‍ വോട്ടറുടെ പേര്, ലോക്‌സഭാ മണ്ഡലം, പോളിംഗ് സ്‌റ്റേഷന്‍ തുടങ്ങിയവ ലഭ്യമാകും. പോളിംഗ് സ്‌റ്റേഷനിലോക്കുള്ള റൂട്ടും ഗൂഗിള്‍ മാപ്പ് വഴി കാണിച്ചുകൊടുക്കും.

തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗ്യമായി നൂറോളം രാഷ്ട്രങ്ങളില്‍ ഇത്തരം സേവനം ഇതിനുമുന്‍പ് ഗൂഗിള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഏകദേശം 30 ലക്ഷത്തിന്റെ ചെലവു വരുന്ന പദ്ധതി കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഇനത്തില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന് സൗജന്യമായാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും യൂസര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍ ഈയിടെയാണ് ഒരു ഇലക്ഷന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക