മൈക്രോസോഫ്റ്റ് വക സ്ത്രീ സുരക്ഷക്കായി മൊബൈല്‍ അപ്ലിക്കേഷന്‍

Posted on Dec, 28 2013,ByTechLokam Editor

സ്ത്രീകളുടെ സുരക്ഷക്കായി മൈക്രോസോഫ്റ്റ് പുതിയൊരു സുരക്ഷാ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഗാര്‍ഡിയന്‍ എന്നാണ് ഈ പുതിയ ആപ്പിന്റെ പേര്. വിന്‍ഡോസ്‌ മൊബൈല്‍ ഒഎസ് അടിസ്ഥാനമായുള്ള സ്മാര്‍ട്ട്‌ഫോണുകളിലെ ഈ അപ്പ് പ്രവര്‍ത്തിക്കൂ. അടിയന്തരഘട്ടങ്ങളില്‍ സുഹൃത്തുക്കളെയും സുരക്ഷാ അധികൃതരെയും വിവരമറിയിക്കാനും സഹായം അഭ്യര്‍ഥിക്കാനും സഹായിക്കുന്ന ആപ്പാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ‘ഗാര്‍ഡിയന്‍ ‘ ( Guardian ).

Microsoft guardian

ഇന്ത്യയെ ഞെട്ടിച്ച ദില്ലി കൂട്ടബലാത്സംഗം പോലുള്ള സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളാണ് ഇത്തരത്തിലൊരു ആപ്പ് വികസിപ്പിച്ചെടുക്കാനുള്ള പ്രേരണയായതെന്ന് മൈക്രോസോഫ്റ്റ് ഐ.ടി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാജ് ബിയാനി പറഞ്ഞു. കൂടുതല്‍ സുരക്ഷയുള്ളതും നിലവില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്നതില്‍ വച്ച് കൂടുതല്‍ സൗകര്യമുള്ളതുമാണ് ഗാര്‍ഡിയന്‍ എന്ന് അദ്ദേഹം വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ജീവനക്കാരാണ് ആറുമാസംകൊണ്ട് പുതിയ ആപ്പ് വികസിപ്പിച്ചത്.

ഗാര്‍ഡിയന്‍ ആപ്പ് ഫോണില്‍ ഓപ്പണ്‍ ചെയ്ത് വെച്ചാല്‍ , കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും യൂസര്‍ എവിടെയാണുള്ളതെന്ന് തത്സമയം ട്രാക്ക് ചെയ്യാന്‍ സാധിക്കും. മൈക്രോസോഫ്റ്റ് വിന്‍ഡോസ് അസൂര്‍ ക്ലൗഡ് സര്‍വീസിന്റെയും ബിങ് മാപ്പ് എപിഐ തുടങ്ങിയവയുടെ സഹായത്തോടെയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്.

സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍പ്പെട്ടാല്‍ എസ്ഒഎസ് അലേര്‍ട്ട് ബട്ടണിലൂടെ സുരക്ഷാ ഏജന്‍സി, പോലീസ്, ആശുപത്രി അധികൃതര്‍ എന്നിവരുമായി ഉടന്‍ ബന്ധപ്പെടാനും ഈ ആപ്പ് വഴി കഴിയും. മുന്‍കൂട്ടി സെറ്റ് ചെയ്തിട്ടുള്ള കോണ്‍ടാക്ടുകളിലേക്ക് അപകടാവസ്ഥയെക്കുറിച്ചുള്ള സന്ദേശം എസ്എംഎസ്, ഈമെയില്‍ അല്ലെങ്കില്‍ ഫെയ്‌സ്ബുക്ക് വഴി അയയ്ക്കാം. ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക