അമേരിക്കയുമായി സഹകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോര്‍ട്ടല്‍ തുടങ്ങാനുള്ള ആഗ്രഹവുമായി ഇന്ത്യ

ഹാക്കിങ്ങ്, സോഷ്യല്‍ മീഡിയ ദുരുപയോഗം തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ അമേരിക്കയുമായുള്ള സഹകരണത്തില്‍ ഒരു പോര്‍ട്ടല്‍ തുടങ്ങാനുള്ള നിര്‍ദ്ദേശവുമായി ഇന്ത്യ. ഇന്ത്യയിലെയും അമേരിക്കയിലെയും പോലീസ്‌ മേധാവികള്‍ തമ്മില്‍ ന്യൂഡല്‍ഹിയില്‍ വെച്ചുനടന്ന ദ്വിദിന ചര്‍ച്ചക്കിടയില്‍ ആണ് ഇന്ത്യ ഈയൊരു നിര്‍ദേശം വെച്ചത്. ഹോം മിനിസ്റ്റര്‍ സുശീല്‍കുമാര്‍ ഷിന്‍ഡേയാണ് ഈ ചര്‍ച്ച ഉദ്‌ഘാടനം ചെയ്തത്.

Anonymous

സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് വേണ്ടി അമേരിക്കയിലുള്ള സെര്‍വറുകളില്‍ നിന്നും ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുവാന്‍ ഇന്ത്യയിലെ പോലീസുകാര്‍ നേരിടേണ്ടിവന്ന പ്രശ്നങ്ങള്‍ക്കും, വെല്ലുവിളികള്‍ക്കും ആണ് ഇന്ത്യ ഈ ചര്‍ച്ചയില്‍ മുന്‍ഗണന നല്‍കിയത്. അമേരിക്കയുമായുള്ള സഹകരണത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഒരു പോര്‍ട്ടല്‍ ഉണ്ടാക്കാന്‍ ഇന്ത്യ നിര്‍ദേശിച്ചതായി ഈ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ഉന്നത പോലീസ് മേധാവി പറഞ്ഞു.

തങ്ങളും ഇതുപോലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇന്ത്യയുമായി സഹകരണത്തില്‍ ഒരു പോര്‍ട്ടല്‍ വന്നാല്‍ അത് രണ്ട് രാജ്യങ്ങളിലെയും കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് വളരെ പ്രയോജനമാകും എന്നും അമേരിക്കന്‍ പോലിസ് മേധാവി അഭിപ്രായപെട്ടു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ഇന്ത്യയിലെ സുരക്ഷ ഏജന്‍സികള്‍ക്ക് പലതവണ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. ഫെയ്സ്ബുക്ക്, ജിമെയില്‍, ട്വിറ്റെര്‍ തുടങ്ങിയ സേവനങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ വിവരങ്ങള്‍ ശേഖരിക്കുക എന്നത് ഒരു കടമ്പ തന്നെയാണ്. കാരണം ഈ സേവനങ്ങള്‍ അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ആണ്. ഇവരില്‍ നിന്ന് ഇന്ത്യയിലെ സുരക്ഷ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭിക്കാന്‍ ചുരുങ്ങിയത് 15 മുതല്‍ 80 ദിവസം വരെയെടുക്കും. മാത്രമല്ല അവര്‍ വ്യക്തമായ വിവരങ്ങള്‍ തരും എന്നതില്‍ ഒരുറപ്പും ഇല്ല.

ചില വെബ്സൈറ്റുകള്‍ വിദ്വേഷജനകമായ പ്രസംഗങ്ങള്‍ നീക്കം ചെയ്യാന്‍ വിമുഖത കാണിച്ചിട്ടുണ്ട്. ഇത് വര്‍ഗീയ ലഹളകള്‍ ഉണ്ടാക്കിയ സാഹചര്യം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. ഈ കാര്യങ്ങളും ഇന്ത്യ ചര്‍ച്ചയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം അഞ്ചാമതാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കമ്പ്യൂട്ടര്‍ വിട്ട് സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലെറ്റ് തുടങ്ങിയ മൊബൈല്‍ ഉപകരണങ്ങളിലെക്കും ചേക്കേറിയിട്ടുണ്ട്.