തൊലിയിലെ കാന്‍സര്‍ പരിശോധനക്ക് സഹായമായി പുതിയ മൊബൈല്‍ ആപ്പ്

Posted on Dec, 23 2013,ByTechLokam Editor

ചര്‍മാര്‍ബുദത്തിന്റെയും അനുബന്ധ രോഗങ്ങളുടെയും പരിശോധന വളരെ വേഗത്തിലും കൃത്യതയോടെയും നടത്താന്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന പുതിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വരുന്നു. ഖരഗ്പുര്‍ ഐ.ഐ.ടി.യിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് ഈ പുതിയ ആപ്പിന്റെ നിര്‍മ്മാതാക്കള്‍.

Skin cancer app

‘ക്ലിപോകാം-ഡെര്‍മ’ ( ClipOCam-Derma ) എന്നാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിന്റെ പേര്. ഗവേഷകനായ ദേബ്ദൂത് ഷീതിന്റെ ( Debdoot Sheet ) നേതൃത്വത്തിലാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. കയ്യില്‍ എടുത്ത് നടക്കാവുന്നതായതിനാല്‍ എല്ലാവര്‍ക്കും എവിടെ വെച്ചു വേണമെങ്കിലും കാന്‍സര്‍ പരിശോധന നടത്താനുള്ള സൗകര്യവുമുണ്ട്. മറ്റ് ചികിത്സകള്‍ പോലെയല്ല. സമയലാഭവവും ഇതിനുണ്ടെന്ന് അദ്ദേഹം പറയുന്നു.

ആപ്പിനൊപ്പം മൊബൈല്‍ഫോണുമായി ഘടിപ്പിക്കുന്ന പ്രത്യേക ഉപകരണം വഴിയാണ് പരിശോധന നടത്തുക. ഈ ഉപകരണത്തിലെ ഫ്ലാഷ്‌ലൈറ്റ് വഴി പ്രകാശിപ്പിക്കപ്പെടുന്ന ചര്‍മത്തിന്റെ ചിത്രങ്ങള്‍ ഫോണിലെ ക്യാമറ ഉപയോഗിച്ച് പകര്‍ത്തുന്നു. ഈ ചിത്രങ്ങള്‍ അവരുടെ ക്ലൌഡ് സെര്‍വറില്‍ ഉള്ള ‘ഡ്രിക്ഷന്‍’ ഇമേജിങ് സര്‍വീസിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. ഈ ചിത്രങ്ങളുടെ വിശകലനം വഴിയാണ് പരിശോധന സാധ്യമാകുന്നത്. പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. അള്‍സര്‍, അര്‍ബുദം, സോറിയാസിസ് തുടങ്ങിയ ചര്‍മാനുബന്ധ രോഗങ്ങളുടെ പരിശോധനയ്ക്കും മേല്‍നോട്ടത്തിനും ഈ ആപ്പ് സഹായിക്കും.

വിപണിയില്‍ ആപ്പ് അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ത്ഥികള്‍. ആപ്പിന് അനുമതിക്കായി കാത്തിരിക്കുകയാണ് അവര്‍. ഇതിനകംതന്നെ ഈ ആപ്പിന്റെ കണ്ടുപിടിത്തം ഒന്നിലധികം അവാര്‍ഡുകള്‍ നേടിക്കഴിഞ്ഞു. ഇന്ത്യയിലുള്ള ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ഈ ആപ്പ് ലഭ്യമാക്കുമെന്നും ദേബ്ദൂതും, വിദ്യാര്‍ത്ഥികളും പറയുന്നു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക