സൂക്ഷിക്കുക ഇന്ത്യയില്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗം നേത്ര നിരീക്ഷണത്തില്‍

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പദ്ധതി കൊണ്ടുവരുന്നു. നേത്ര (NETRA) എന്നാണ് ഈ പദ്ധതിയുടെ പേര്. നെറ്റ്‌വര്‍ക്ക് ട്രാഫിക് അനാലിസിസ് സിസ്റ്റം (NEtwork TRaffic Analysis system) എന്നാണ് നേത്രയുടെ പൂര്‍ണ രൂപം. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴിലായിരിക്കും നേത്ര പ്രവര്‍ത്തിക്കുക. അറ്റാക്ക്(attack), കില്‍(kill), ബോംബ്(bomb) തുടങ്ങിയ വാക്കുകള്‍ ഇന്ത്യയില്‍ എവിടെ ഇന്‍റര്‍നെറ്റില്‍ ഉപയോഗിച്ചാലും അത് നേത്രക്ക് കണ്ടെത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

NETRA

നേത്ര പ്രവര്‍ത്തനം ആരംഭിച്ചാല്‍ നിങ്ങളുടെ ഇന്റര്‍നെറ്റിലെ എല്ലാ പ്രവര്‍ത്തികളും നേത്രയുടെ നിരീക്ഷണത്തില്‍ ആയിരിക്കും. ഫെയ്സ്ബുക്ക്, ട്വിറ്റെര്‍, ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ വഴി കൈമാറ്റം ചെയ്യുകയും, പങ്കുവയ്ക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍, വാട്സ്ആപ്പ്, വൈബര്‍, സ്കൈപ്പ്, ജിടോക്ക് തുടങ്ങിയവ വഴിയുള്ള ഇന്‍സ്റ്റന്റ് മെസ്സേജുകള്‍, ഇമെയില്‍ സന്ദേശങ്ങള്‍, ഇന്റെര്‍നെറ്റ് കോള്‍, ബ്ലോഗ്, ഫോറം എന്നിവ വഴി പങ്കുവയ്ക്കുന്ന വിവരങ്ങള്‍ കൂടാതെ നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍ എന്നുവേണ്ട ഇന്റര്‍നെറ്റിലെ നിങ്ങളുടെ എല്ലാ പ്രവര്‍ത്തനവും നേത്രയുടെ നിരീക്ഷണ പരിതിയില്‍ ആയിരിക്കും.

രാജ്യത്തിന്‌ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സന്ദേശങ്ങള്‍, സാമൂഹികവും, രാഷ്ട്രീയവും, മതപരവുമായ വിദ്വേഷമുയര്‍ത്തുന്ന വിവരങ്ങള്‍ തുടങ്ങിയവ ഈ സംവിധാനം വഴി പെട്ടന്ന് കണ്ടെത്താം. അതുവഴി ഈ പ്രശ്നങ്ങള്‍ മുന്‍കൂട്ടി തടയാന്‍ നേത്ര സഹായകമാകും. ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ട് എന്ന പോലെ, ആളുകളുടെ സ്വകാര്യതയിലേക്ക് ഉള്ള ഒരു കടന്ന് കയറ്റം ആണ് നേത്ര പദ്ധതിയുടെ ന്യൂനത.

സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്ക്‌സ്, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന് കീഴിലുള്ള ലാബ് എന്നിവയുടെ സംയുക്ത സഹായത്തോടെയാണ് പ്രതിരോധ മന്ത്രാലയം നേത്ര വികസിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും, പ്രതിരോധ മന്ത്രാലയത്തിനും ഇതിന്‍റെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണമുണ്ടാകും.