നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ വരുമെന്ന് റിപ്പോര്‍ട്ട്‌

Posted on Dec, 14 2013,ByTechLokam Editor

നോക്കിയ ആരാധകരും ആന്‍ഡ്രോയ്ഡ് ആരാധകരും ആഗ്രഹിക്കും പോലെ നോക്കിയ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ വിപണിയില്‍ ഇറക്കുമോ. അതെ ‘നോമാന്‍ഡി’യെന്ന കോഡുനാമത്തില്‍ നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ പുറത്ത് വരും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ‘ദി വെര്‍ജ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Nokia Android Phone

മുന്‍പ് കാലപഴക്കം വന്ന സിംബിയന്‍ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ നിന്ന് ഒരു മാറ്റത്തിന് വേണ്ടി നോക്കിയ തയ്യാറെടുത്തപ്പോള്‍ നോക്കിയ സ്മാര്‍ട്ട്‌ ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാന്‍ പറഞ്ഞ് ഗൂഗിള്‍ നോക്കിയയുടെ പിന്നാലെ നടന്നിരുന്നു. അന്ന് ആന്‍ഡ്രോയ്ഡിനെ തള്ളിപ്പറയുക മാത്രമല്ല, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്ത കമ്പനിയാണ് നോക്കിയ.

ഇപ്പോള്‍ നോക്കിയയെ ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോവുകയാണ് മൈക്രോസോഫ്റ്റ്. ഈയൊരു സമയത്ത് നോക്കിയയില്‍ നിന്നും ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്ന വാര്‍ത്ത ടെക്നോളജി ലോകത്തെ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 2014 ല്‍ നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്ന് അവകാശപെടുന്ന ഒരു ഫോണിന്റെ ചിത്രം @evleaks ട്വിറ്റെര്‍ വഴി പുറത്ത് വിട്ടിരുന്നു. നോക്കിയയുടെ ലൂമിയ നിരയില്‍പെട്ട ഫോണുകളോട് വളരെയേറെ സാദൃശ്യമുള്ളതാണിത്.

ആമസോണ്‍ കിന്‍ഡ്ല്‍ ഫയര്‍ ടാബ്ലെറ്റില്‍ ഉള്ള പോലെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ മാറ്റം വരുത്തിയ പതിപ്പായിരിക്കും നോക്കിയ ഫോണില്‍ ഉണ്ടായിരിക്കുക. നോക്കിയാ ആശാ ഫോണുകളെ പോലെ വില കുറഞ്ഞ നിരയില്‍പെട്ട ഫോണായിരിക്കും നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്നാണ് വെര്‍ജ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക