സാംസങ്ങ് ഗാലക്സി എസ് 4 ന് തീപിടിക്കുന്നതിനെ കുറിച്ചുള്ള വീഡിയോ യുട്യൂബില്‍ വന്‍ ഹിറ്റ്

സാംസങ്ങ് ഗാലക്സി എസ് 4 ചാര്‍ജ് ചെയ്യുന്നതിനിടെ തീപിടിക്കുന്നതിനെ കുറിച്ചുള്ള വീഡിയോ യൂട്യൂബില്‍ വന്‍ ഹിറ്റ്. യുഎസ് പൗരനായ റിച്ചാര്‍ഡ് വൈഗാന്‍ഡ് ആണ് ഈ വീഡിയോ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തത്. ഗാലക്സി എസ് 4ന്റെ യഥാര്‍ത്ഥ ചാര്‍ജര്‍ ഉപയോഗിച്ച് തന്നെയാണ് ഇയാള്‍ ഫോണ്‍ ചാര്‍ജ് ചെയ്തത്. ഫോണ്‍ മുഴുവനായി കത്തി പോകുകയോ പൊട്ടി തെറിക്കുകയോ ചെയ്തില്ല, മറിച്ച് ചാര്‍ജിങ്ങ് സ്ലോട്ട് തീപിടിച്ച് കരിഞ്ഞ് പോകുകയായിരുന്നു എന്നാണ് വീഡിയോയില്‍ പറയുന്നത്.

കേടായ ഫോണ്‍ ഫോണ്‍ മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് സാംസങ്ങ് കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോള്‍ യൂട്യൂബ് വീഡിയോ നീക്കിയാല്‍ മാത്രമെ ഫോണ്‍ മാറ്റി നല്‍കുവെന്ന് സാംസങ്ങ് അറിയിച്ചു. ഈ വീഡിയോ ഹിറ്റായതിന് പിന്നാലെ ഇദ്ദേഹത്തിന് ലൂമിയ മോഡല്‍ ഫോണ്‍ നല്‍കാമെന്ന വാഗ്ദാനവുമായി നോക്കിയ രംഗത്തെത്തിയിട്ടുണ്ട്.

ഈ സംഭവത്തെ കുറിച്ച് റിച്ചാര്‍ഡ്‌ ഇറക്കിയ ട്വീറ്റിന് മറുപടിയായി നല്‍കിയ ട്വീറ്റില്‍ ആണ് നോക്കിയ റിച്ചാര്‍ഡിന് ലൂമിയ ഫോണ്‍ വാഗ്ദാനം ചെയ്തത്. “റിച്ചാര്‍ഡ്‌ നിങ്ങളെ ഞങ്ങള്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു ലൂമിയ ഫോണ്‍ ഞങ്ങള്‍ അയച്ചുതരാം, തുടര്‍ന്ന് എങ്ങനെ നല്ല ഒരു കസ്റ്റമര്‍ സര്‍വീസ് പ്രവര്‍ത്തിക്കുന്നു എന്ന് നിങ്ങള്‍ക്ക് മനസിലാക്കാം” എന്നാണ് നോക്കിയ ട്വിറ്റെര്‍ വഴി പറഞ്ഞത്.