ആമസോണ്‍ ഇന്ത്യന്‍ തപാല്‍ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുന്നു

Posted on Dec, 06 2013,ByTechLokam Editor

തങ്ങളുടെ പ്രവര്‍ത്തന മേഖലയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനായി ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇന്ത്യന്‍ തപാല്‍ വകുപ്പുമായി കൈകോര്‍ക്കാനൊരുങ്ങുന്നു. ‘ക്യാഷ് ഓണ്‍ ഡെലിവറി’ സൗകര്യം ഇന്ത്യാ പോസ്റ്റിലൂടെ എത്തിക്കാനാണ് ആമസോണ്‍ ശ്രമിക്കുന്നത്. നിലവില്‍ മുന്‍‌കൂര്‍ പണം നല്‍കി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ആമസോണ്‍ ഇന്ത്യാ പോസ്റ്റിലൂടെ സാധനങ്ങളെത്തിക്കുണ്ട്.

Amazon India Delivery

നമ്മള്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടില്‍ എത്തിച്ച് തരുമ്പോള്‍ കാശ് കൊടുക്കുന്ന രീതിയാണ്‌ കാഷ് ഓണ്‍ ഡെലിവറി. ആമസോണും ഇന്ത്യ പോസ്റ്റും ധാരണയിലെത്തിയാല്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ പോസ്റ്റ്മാന്‍ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ മാത്രം കാശ് നല്‍കിയാല്‍ മതി.

ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ കീഴില്‍ ഏകദേശം ഒന്നര ലക്ഷത്തോളം പോസ്റ്റ്‌ ഓഫീസുകള്‍ ആണ് ഉള്ളത്. ഇതില്‍ 89 ശതമാനത്തോളം ഗ്രാമ പ്രദേശങ്ങളിലാണ്‌. അതുകൊണ്ട് ഇന്ത്യാ പോസ്റ്റുമായി കൈക്കോര്‍ക്കാനായാല്‍ ആമസോണിന് അവരുടെ ഓണ്‍ലൈന്‍ ഷോപ്പിങ് സേവനം ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും സാധ്യമാക്കാം. അതുവഴി ആമസോണിന് ഓണ്‍ലൈന്‍ വ്യാപാരം വര്‍ദ്ധിപ്പിക്കുകയുമാവം. ആമസോണ്‍ ഇപ്പോള്‍ നഗരങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മൊബൈല്‍ഫോണും, ഇമെയിലും സര്‍വസാധാരണമായതോടെ പ്രതാപം നഷ്ടപ്പെട്ട തപാല്‍ വകുപ്പിന് ഒരു വന്‍ കുതിച്ചുചാട്ടത്തിനുള്ള അവസരം ആണ് ഇ-കൊമ്മെര്‍സ് വിപണി ഒരുക്കുന്നത്. 100 കോടി രൂപ മുതല്‍ മുടക്കില്‍ ഇ-കൊമേഴ്‌സ് പാക്കേജുകള്‍ സൂക്ഷിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെയര്‍ഹൗസുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യാ പോസ്റ്റ്. സേവനം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കിതക്കുന്ന ഇന്ത്യന്‍ തപാല്‍ വകുപ്പിന് കരകയറാന്‍ വീണ് കിട്ടിയ ഒരു ഭാഗ്യം ആണ് ആമസോണുമായുള്ള ഈ കരാര്‍.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക