സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് രീതികളെ മാറ്റിയെഴുതിയ ഫെയ്സ്ബുക്ക് ആദ്യമായി ഒരു ഇന്ത്യന്‍ ഐടി കമ്പനിയെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകത്ത് ആകമാനം 20ല്‍ കൂടുതല്‍ കമ്പനികളെ ഏറ്റെടുത്തിരുന്നെങ്കിലും ഇന്ത്യയില്‍ നിന്നും ഇത് ആദ്യമായണ് ഒരു കമ്പനിയെ ഏറ്റെടുക്കാന്‍ ഫെയ്സ്ബുക്ക് ഒരുങ്ങുന്നത്. ബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ ഐ ലാബ്‌സ് എന്ന കമ്പനിയെ ആണ് ഫെയ്സ്ബുക്ക് നോട്ടമിട്ടിരിക്കുന്നത്. അടുത്ത ആഴ്ച തന്നെ ഏറ്റെടുക്കല്‍ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. എന്നാല്‍ ഫേസ്ബുക്കോ, ലിറ്റില്‍ ഐ ലാബ്സോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ആപ്പിള്‍ കമ്പനിയില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള ഗിരിധര്‍ മൂര്‍ത്തി, ഐബിഎമ്മിലും എച്ച്പിയിലും പ്രവര്‍ത്തിച്ചിട്ടുള്ള കുമാര്‍ രംഗരാജന്‍ , കാന്‍പൂര്‍ ഐഐടിയിലെ മുന്‍ വിദ്യാര്‍ഥി സത്യം കന്‍ഡുല, ഐബിഎമ്മിലും യാഹൂവിലും പ്രവര്‍ത്തിച്ചിട്ടുള്ള ലക്ഷ്മണ്‍ കക്കിരാല എന്നിവര്‍ ചേര്‍ന്ന് 2012 മെയില്‍ ബാഗ്ലൂര്‍ ആസ്ഥാനമായി തുടങ്ങിയ കമ്പനിയാണ് ലിറ്റില്‍ ഐ ലാബ്‌സ്. കമ്പനിയുടെ ഇപ്പോഴത്തെ സിഇഒ കുമാര്‍ രംഗരാജനാണ്.
മൊബൈല്‍ ആപ്പുകള്‍ ഡെവലപ്പ് ചെയ്യുന്നവര്‍ക്കും, പരിശോധകര്‍ക്കും ആവശ്യമായ മൊബൈല്‍ ആപ്പ് വിശകലന സോഫ്റ്റ്‌വേറുകള്‍ രൂപപ്പെടുന്ന കമ്പനിയാണ് ലിറ്റില്‍ ഐ ലാബ്‌സ്. മൊബൈല്‍ രംഗത്ത് കൂടുതല്‍ ശ്രദ്ധ നല്‍കുന്ന ഫെയ്സ്ബുക്ക് ഈകാരണത്താല്‍ തന്നെയാണ് ഈ കമ്പനിയിടെ പിന്നാലെ കൂടിയത്. ഇന്ത്യന്‍ കമ്പനികളെ ലോകത്തിന് പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ സംഘടന ‘ഇന്ത്യന്‍ സോഫ്റ്റ്‌വേര്‍ പ്രോഡക്ട്‌സ് ഇന്‍ഡസ്ട്രി റൗണ്ട് ടേബിള്‍’ ( iSpirt) ന്റെ ‘എം ആന്‍ഡ് എ കണക്ട് പ്രോഗ്രാം’വഴിയാണ് ഈ ഏറ്റെടുക്കല്‍ എന്നാണ് വിവരം.