സാംസങ്ങ് ഗാലക്‌സി എസ് ഡ്യുവോസ് 2 ഇന്ത്യന്‍ വിപണിയിലേക്കും

Posted on Dec, 02 2013,ByTechLokam Editor

വിപണിയില്‍ വളരെയധികം ചലനം സൃഷ്ടിച്ച സാംസങ്ങ് ഗാലക്‌സി ഡ്യുവോസിന്റെ പിന്‍ഗാമി ഗാലക്‌സി ഡ്യുവോസ് 2 ഇന്ത്യന്‍ വിപണിയിലും എത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഇതിന്റെ പ്രീബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു. 10,730 രൂപയാണ് ഓണ്‍ലൈന്‍ സ്റ്റോറുകളിലെ വില.

എസ് ഡ്യുവോസിന്റെ പരിഷ്കരിച്ച മോഡലാണെങ്കിലും വളരെ കുറച്ച് മാറ്റങ്ങളെ പുതിയ പതിപ്പിനുള്ളൂ. ഒരു ജിഗാഹെട്സിന്റെ ഡ്യുവല്‍ കോര്‍ പ്രോസസ്സറിനു പകരം 1.2 ജിഗാഹെട്സിന്റെ ഡ്യുവല്‍കോര്‍ പ്രോസസ്സര്‍ നല്‍കിയതും ആന്‍ഡ്രോയ്ഡ് 4.0 നു പകരം ആന്‍ഡ്രോയ്ഡ് 4.2 ജെല്ലീബീന്‍ ഉപയോഗിച്ചതുമാണ് പ്രധാന മാറ്റങ്ങള്‍. മറ്റ് കോണ്‍ഫിഗറേഷന്‍ എല്ലാം പഴയ മോഡലിന് സമാനമാണ്.

480 X 800 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ നാലിഞ്ച് ടി.എഫ്.ടി. ഡിസ്‌പ്ലേയാണ് ഡ്യുവോസ് 2 നുള്ളത്. 1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ പ്രൊസസറാണ് ഇതിലുള്ളത്. റാം 768 എംബിയും ഇന്റേണല്‍ മെമ്മറി നാല് ജിബിയുമാണ്. 64 ജിബി വരെ മെമ്മറി കാര്‍ഡ് പിന്തുണയും ഡ്യുവല്‍ സിം സപ്പോര്‍ട്ടുമുണ്ട്.

Samsung Galaxy S Duos 2

ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷന്‍ ഒഎസാണുള്ളത്. ഒപ്പം സാംസങിന്റെ സ്വന്തം ടച്ച്‌വിസ് യൂസര്‍ ഇന്റര്‍ഫേസും. എല്‍ഇഡി ഫ് ളാഷോടു കൂടിയ അഞ്ച് മെഗാപിക്‌സല്‍ ക്യാമറയും വീഡിയോ കോളിങിനായി വി.ജി.എ. ക്യാമറയുമുണ്ട് ഈ ഫോണില്‍.

കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ, ജി.പി.ആര്‍.എസ്., എഡ്ജ്, ബ്ലൂടൂത്ത് ഓപ്ഷനുകളാണ് ഡ്യുവോസ് 2 സമ്മാനിക്കുന്നത്. 1500 എം.എ.എച്ച്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 280 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

വിപണിയില്‍ വലിയ പരസ്യബഹളം ഒന്നുമില്ലാതെയാണ് കമ്പനി പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഡ്യുവോസ് 2 നെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്

ഡ്യുവോസിന്റെ വിജയം ആവര്‍ത്തിക്കാന്‍ ഡ്യുവോസ് 2 നും സാധിക്കുമോ എന്നാണിനി അറിയാനുള്ളത്. നാല് കോര്‍ അഥവാ ക്വാഡ്‌കോര്‍ പ്രൊസസറും അഞ്ചിഞ്ച് സ്‌ക്രീന്‍ വലിപ്പവുമുള്ള ധാരാളം ഇന്ത്യന്‍ ഫോണുകള്‍ പതിനായിരം രൂപയില്‍ താഴെ വിലയ്ക്ക് ഇപ്പോള്‍ കിട്ടാനുണ്ട്. അപ്പോള്‍ 10,000 രൂപ മുടക്കി ഡ്യൂവല്‍-കോര്‍ പ്രൊസസറും നാലിഞ്ച് സ്‌ക്രീനും മാത്രമുള്ള ഫോണ്‍ വാങ്ങാന്‍ എത്രപേര്‍ തയ്യാറാകും എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. പക്ഷേ, സാംസങ്ങ് എന്ന ബ്രാന്‍ഡ് നാമത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭമാകും.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക