മൈക്രോമാക്സ് കാന്‍വാസ് ജ്യൂസ്‌; 3000 mAH ബാറ്ററി കരുത്തോട് കൂടിയ ഫാബ്ലെറ്റ് ഫോണ്‍

Posted on Nov, 29 2013,ByTechLokam Editor

കുറഞ്ഞ വിലക്ക് കൂടുതല്‍ സവിശേഷതകളോട് കൂടിയ ഫോണ്‍ എന്നായിരിക്കും മൈക്രോമാക്സ് എന്ന പേര് കേള്‍ക്കുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരിക. ഇത് ഒന്ന് കൂടി അരക്കിട്ട് ഉറപ്പിക്കുന്ന രീതിയില്‍ മൈക്രോമാക്സ് ഒരു പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. കാന്‍വാസ് A77 ജ്യൂസ്‌ എന്നാണ് ഫാബ്ലെറ്റ് നിരയില്‍പെട്ട ഈ ഫോണിന്റെ പേര്. ഹോംഷോപ്പ്18.കോം എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റില്‍ 7999 രൂപക്ക് ഇത് വില്പനയ്ക്ക് എത്തി കഴിഞ്ഞു.

Micromax Canvas Juice A77

3000 mAH ബാറ്ററി ഈ ഫോണിന്റെ എടുത്ത് പറയേണ്ട സവിശേഷതയാണ്. ഈയിടെ ഇറങ്ങിയ ഗൂഗിള്‍ നെക്സസ് 5 ഫോണില്‍ 2300mAh ബാറ്ററിയെ ഉള്ളൂ എന്നോര്‍ക്കണം. മൈക്രോമാക്സ് പറയുന്നത് പ്രകാരം ഈ ഫോണിലെ ജ്യൂസി ബാറ്ററി കൂടുതല്‍ സമയം വീഡിയോ കാണാനും, ഗെയിം കളിക്കാനും അനുവദിക്കും. 10 മണിക്കൂര്‍ തുടര്‍ച്ചയായ സംസാര സമയവും, 282 മണിക്കൂര്‍ സ്റ്റാന്റ് ബൈ സമയവും നല്‍കുന്നു എന്നാണ് മൈക്രോമാക്സിന്റെ വാദം.

854×480 പിക്സല്‍ റെസലൂഷന്‍ ഉള്ള 5 ഇഞ്ച്‌ ഡിസ്പ്ലേ ആണ് ഇതിനുള്ളത്. 5 മെഗാ പിക്സല്‍ മെയിന്‍ ക്യാമറ, വീഡിയോ കാള്ളിങ്ങിനായി VGA മുന്‍ ക്യാമറ എന്നിവയും ഉണ്ട്. ഇതൊരു 3G ഡ്യുവല്‍ സിം ഫോണ്‍ ആണ്. ബാറ്ററി കഴിഞ്ഞാല്‍ എടുത്തു പറയേണ്ട മറ്റൊരു മേന്മയാണ് 1.3 ജിഗാ ഹെര്‍ട്സ് ഡ്യുവല്‍ കോര്‍ പ്രോസ്സസറും, 1 ജിബി റാമും. ഈ വിലയ്ക്ക് കിട്ടുന്ന പല ഫോണുകളിലും 512 എം ബി റാം മാത്രമേ ഉണ്ടാകാറുള്ളൂ.

4 ജിബിയാണ് ഇന്റെര്‍ണല്‍ മെമ്മറി. 32 ജിബി വരെയുള്ള മൈക്രോ എസ്ഡി മെമ്മറി കാര്‍ഡ്‌ ഉപയോഗിക്കാനുള്ള സ്ലോട്ട് ഫോണില്‍ ഉണ്ട്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ആണ് ഓപ്പറേട്ടിങ്ങ് സിസ്റ്റം. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഏറ്റവും മികച്ച കോണ്‍ഫിഗറേഷന്‍ ഉള്ള ഒരു ഫാബ്ലെറ്റ് ആണ് മൈക്രോമാക്സ് കാന്‍വാസ് ജ്യൂസ്‌ എന്ന് നമുക്ക് നിസംശയം പറയാം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക