സാംസങ്ങിന്റെ ടൈസണ്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിന് ഒരു വെല്ലുവിളിയകുമോ ???

ഏറ്റവും മികച്ച മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന സ്ഥാനം കരസ്ഥമാക്കാന്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡും, ആപ്പിളിന്റെ ഐഒഎസ്സും തമ്മില്‍ വര്‍ഷങ്ങളായി കടുത്ത മത്സരത്തില്‍ ആണ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ അടുത്ത വര്‍ഷം മുതല്‍ വിപണിയില്‍ പുതിയ ഒരു എതിരാളി കൂടെ ഉണ്ടാകും. സാംസങ്ങിന്റെ സ്വന്തം ടൈസണ്‍ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ആ പുതിയ എതിരാളി.

Tizen

ടൈസണ്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ രംഗപ്രവേശം ഏറ്റവും കൂടുതല്‍ ബാധിക്കുക ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ ആയിരിക്കും. കാരണം സാംസങ്ങ് അവരുടെ ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണുകളിലും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് ഉപയോഗിക്കുന്നത്, സാംസങ്ങിന്റെ സ്വന്തം മൊബൈല്‍ ഒഎസ്‌ ടൈസണ്‍ യാഥാര്‍ത്ഥ്യമായാല്‍ സ്വാഭാവികമായും ആന്‍ഡ്രോയ്ഡിന് പകരം സാംസങ്ങ് ടൈസണ്‍ ഒഎസ് ആയിരിക്കും ഉപയോഗിക്കുക. ഇത് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വിപണി വിഹിതത്തില്‍ കാര്യമായ കുറവ് ഉണ്ടാക്കും.

ആന്‍ഡ്രോയ്ഡ് എന്ന് കൈവരിച്ചിരിക്കുന്ന വിജയത്തില്‍ ഒരു മുഖ്യ പങ്ക് സാംസങ്ങിന് അവകാശപെട്ടതാണ്. സാംസങ്ങ് ഏറ്റെടുത്തിട്ടില്ലായിരുന്നെങ്കില്‍ ആന്‍ഡ്രോയ്ഡിന് ഇന്ന് കാണുന്ന വിപണിവിഹിതത്തിന്റെ ഏഴയലത്ത്പോലും എത്തില്ലായിരുന്നു. ആപ്പിള്‍ ഐഫോണുകളുടെ മുന്നില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഒരു വ്യക്തിമുദ്ര നല്‍കിയത് സാംസങ്ങിന്റെ ഗാലക്സി നിരയില്‍പെട്ട ഫോണുകളാണ്. വേറൊരു ആന്‍ഡ്രോയ്ഡ് ഫോണ്‍നിര്‍മ്മാതാക്കള്‍ക്കും ഇങ്ങനെ ഒരു സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടില്ല. ഈയൊരു കാരണത്താലാണ് ടൈസണ്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ആഗമനം ആന്‍ഡ്രോയ്ഡിന് വന്‍ വെല്ലുവിളി ആയിരിക്കുമെന്ന് വിലയിരുത്തന്നത്.

ഇത്രയും കാലം സ്വന്തം ഒഎസ് എന്ന ചിന്ത സാംസങ്ങിന് ഉണ്ടാകാതിരുന്നത് ഗൂഗിളുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു. ഇനി വെറും കൈയ്യോടെ നിന്നാല്‍ രക്ഷയില്ല എന്ന് സാംസങ്ങിന് മനസിലായിരിക്കണം. ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ആയ മോട്ടോറോളയെ ഏറ്റെടുത്തത് വഴി ആപ്പിളിനെ പോലെ ഗൂഗിളിനും സ്വന്തം ഫോണും, ഒഎസും ആയി. ഇതൊക്കെയാണ് സാംസങ്ങിനെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയും കൂടെ ചെയ്തതോടെ സ്വന്തമായി ഒരു മൊബൈല്‍ ഒഎസ് ഇല്ലേല്‍ അത് ഭാവിയില്‍ ദോഷമാകും എന്നുറപ്പായിരിക്കുന്നു.

ചുരുക്കിപറഞ്ഞാല്‍ വരുംനാളുകളില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിന് സാംസങ്ങ് ടൈസണ്‍ , ആപ്പിള്‍ ഐഒഎസ്, മൈക്രോസോഫ്റ്റ് വിന്‍ഡോസ് മൊബൈല്‍ഒഎസ് എന്നിവയില്‍ നിന്ന് വന്‍പ്രഹരം ഏല്‍ക്കും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ചിരവൈരികളായ ആപ്പിളും, മൈക്രോസോഫ്റ്റും ഈ പ്രഹരത്തിന്റെ ശക്തി കൂട്ടാന്‍ അവര്‍ക്ക് കഴിയുന്നതെല്ലാം ചെയ്യും. ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ ഗൂഗിള്‍ ഈയിടെ ഏറ്റെടുത്ത മോട്ടോറോളയെ ഉപയോഗിച്ച് സ്വന്തം നിലയ്ക്ക് ഫോണ്‍ ഇറക്കാന്‍ പദ്ധതിയുണ്ട് അത് വേണ്ടത്ര വിജയം വരിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ഇനി അല്‍പ്പം ടൈസണ്‍ ചരിത്രം ആകാം. ലിനക്സില്‍ അധിഷ്ഠിതമായ ഒരു ഓപ്പണ്‍‌സോഴ്സ് മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് ടൈസണ്‍. ആന്‍ഡ്രോയ്ഡ് ഒഎസിനെ പോലെ ടൈസണ്‍ മൊബൈലില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ടാബ്ലെറ്റ്, ക്യാമറ, ഫ്രിഡ്ജ്‌, ടിവി തുടങ്ങിയ ഉപകരണങ്ങളിലും ടൈസണ്‍ ഉപയോഗിക്കാം. എച്ച്ടിഎംഎല്‍ 5 ആധാരമായ മൊബൈല്‍ അപ്ലിക്കേഷനുകള്‍ക്ക് ആണ് ടൈസണ്‍ മുന്‍ഗണന നല്‍കുന്നത്. സംസങ്ങിനെ കൂടാതെ ഇന്റെല്‍, ഹുവായി, വോഡാഫോണ്‍ തുടങ്ങിയ വമ്പന്‍മാരും ടൈസണ്‍ ഒഎസിനെ പിന്താങ്ങുന്നുണ്ട്. വിപണിയില്‍ ലഭ്യമായ ടൈസണ്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഏക ഉപകരണം സാംസങ്ങിന്റെ NX300 എന്ന ക്യാമറയാണ്.

അടുത്ത ഫെബ്രുവരിയില്‍ സാംസങ്ങിന്റെ ടൈസണ്‍ ഫോണുകള്‍ വിപണിയില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ടൈസണ്‍ ഒരു വിജയമാവുകയാണെങ്കില്‍ ആന്‍ഡ്രോയ്ഡിന് സാംസങ്ങ് വഴി ലഭിച്ച കിരീടം താഴെയിറക്കേണ്ടിവരും.